Home Sportsസഞ്ജു ഓപ്പണർ; ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടർ

സഞ്ജു ഓപ്പണർ; ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ച് മുൻ ചീഫ് സെലക്ടർ

by news_desk
0 comments

ചെന്നൈ: ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ടൂർണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണറും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത് തന്റെ ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് ടീമിനെ പ്രഖ്യാപിച്ചത്.

ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണെയാണ് ശ്രീകാന്ത് ഓപ്പണറായി ഉൾപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 80-ൽ അധികം ശരാശരിയിൽ 321 റൺസ് നേടിയ സഞ്ജുവിനൊപ്പം ന്യൂസിലൻഡിന്റെ ടിം സൈഫെർട്ടാണ് ഓപ്പണിംഗ് പങ്കാളി. മൂന്നാം നമ്പറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ഇടം നേടി.

നാലാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയർ എത്തിയപ്പോൾ ഇന്ത്യൻ ഓൾറൗണ്ടർമാരായ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും അഞ്ചും ആറും സ്ഥാനങ്ങൾ സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും നിർണ്ണായക പ്രകടനം കാഴ്ചവച്ച താരങ്ങളാണ് ഇരുവരും.

സ്പിൻ നിരയിൽ ഇംഗ്ലണ്ടിന്റെ വിൽ ജാക്സും ആദിൽ റഷീദും ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നറും ഇടംപിടിച്ചു. സാന്റ്നറെയാണ് ടീമിന്റെ നായകനായി ശ്രീകാന്ത് തെരഞ്ഞെടുത്തത്. പേസ് നിരയിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ ലുങ്കി എൻഗിഡിയും ഉൾപ്പെട്ടു. 14 വിക്കറ്റുകളുമായി ടൂർണമെന്റിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളായിരുന്നു ബുംറ.

വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറെയാണ് പന്ത്രണ്ടാമനായി തെരഞ്ഞെടുത്തത്.

ശ്രീകാന്ത് തെരഞ്ഞെടുത്ത ലോകകപ്പ് ഇലവൻ:
സഞ്ജു സാംസൺ (ഇന്ത്യ), ടിം സൈഫെർട്ട് (ന്യൂസിലൻഡ്), ഇഷാൻ കിഷൻ (ഇന്ത്യ), ഷിമ്രോൺ ഹെറ്റ്‌മെയർ (വെസ്റ്റ് ഇൻഡീസ്), ശിവം ദുബെ (ഇന്ത്യ), ഹാർദിക് പാണ്ഡ്യ (ഇന്ത്യ), വിൽ ജാക്സ് (ഇംഗ്ലണ്ട്), മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ – ന്യൂസിലൻഡ്), ആദിൽ റഷീദ് (ഇംഗ്ലണ്ട്), ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക), ജസ്പ്രീത് ബുംറ (ഇന്ത്യ).
12-ാം താരം: ജേസൺ ഹോൾഡർ.

You may also like