Home Sportsകൗമാരക്കരുത്തിന്റെ പോരാട്ടത്തിന് വേദിയായി കെസിഎൽ; മാനവ്, ഇനാൻ, രോഹിത്, അമയ്, ജോബിൻ താരനിരയിൽ

കൗമാരക്കരുത്തിന്റെ പോരാട്ടത്തിന് വേദിയായി കെസിഎൽ; മാനവ്, ഇനാൻ, രോഹിത്, അമയ്, ജോബിൻ താരനിരയിൽ

by news_desk1
0 comments

തിരുവനന്തപുരം: യുവതാരങ്ങളുടെ ആവേശകരമായ പോരാട്ടത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗ് (KCL) മൂന്നാം സീസൺ. ഇന്ത്യൻ അണ്ടർ-19 ടീമംഗങ്ങളായ മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആർ. രോഹിത്, അമയ് മനോജ്, ജോബിൻ ജോബി എന്നിവർ ഉൾപ്പെടെയുള്ള കൗമാര താരങ്ങളുടെ പ്രകടനത്തിലേക്കാണ് ഇത്തവണ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ.

ഇവരിൽ നാല് പേരും തൃശൂർ ടൈറ്റൻസിനൊപ്പമാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ തന്നെ അരങ്ങേറ്റം കുറിച്ച കെ.ആർ. രോഹിതിനെ തൃശൂർ ടൈറ്റൻസ് നിലനിർത്തിയപ്പോൾ, മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, അമയ് മനോജ് എന്നിവരെ പുതുതായി ടീമിലെത്തിച്ചു.

ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായ രോഹിത് കഴിഞ്ഞ സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 30 റൺസ് നേടിയിരുന്നു. അതിവേഗത്തിൽ റൺസ് കണ്ടെത്താനുള്ള കഴിവാണ് താരത്തിന്റെ പ്രധാന സവിശേഷത. പതിനാറാം വയസിൽ കേരളത്തിന്റെ അണ്ടർ-19 ടീമിൽ അരങ്ങേറ്റം കുറിച്ച രോഹിത്, എൻ.എസ്.കെ. ട്രോഫി ഫൈനലിൽ 10 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 39 റൺസ് നേടി ശ്രദ്ധ നേടിയിരുന്നു.

ദേശീയ അണ്ടർ-19 ടീമിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പിച്ച മറ്റൊരു താരമാണ് മുഹമ്മദ് ഇനാൻ. ദുബായിൽ ഇതിഹാസ സ്പിന്നർ സഖ്ലെയ്ൻ മുഷ്താഖിന്റെ കീഴിൽ പരിശീലനം നേടിയ ഇനാൻ, പിന്നീട് ജൂനിയർ ക്രിക്കറ്റിലൂടെ ശ്രദ്ധേയനായി. വേഗമേറിയ ആക്ഷനും ഗൂഗ്ലി എറിയാനുള്ള മികവും ഇനാനെ വ്യത്യസ്തനാക്കുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളിൽ ഇന്ത്യയുടെ അണ്ടർ-19 ടീമിനായി തിളങ്ങിയ ഇനാൻ ലോകകപ്പ് ടീമിലും ഇടം നേടിയിരുന്നു. ബാറ്റിംഗിലും മികവ് തെളിയിച്ച താരം കഴിഞ്ഞ വർഷം അണ്ടർ-19 ടൂർണമെന്റിൽ 74 പന്തിൽ 105 റൺസ് നേടി ശ്രദ്ധ നേടിയിരുന്നു.

തൃശൂർ ടൈറ്റൻസിന്റെ മറ്റൊരു പ്രതീക്ഷയാണ് അമയ് മനോജ്. കഴിഞ്ഞ അണ്ടർ-19 സീസണിൽ കേരളത്തിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച അമയ്, പഞ്ചാബിനെതിരായ സെഞ്ചുറിയുൾപ്പെടെ നിരവധി നിർണായക ഇന്നിങ്‌സുകൾ കളിച്ചു. അടുത്തിടെ നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടി ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ബൗളിങ്ങിലും കഴിവ് തെളിയിച്ച അമയ്, ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസ് അണ്ടർ-19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കെസിഎല്ലിൽ തുടർച്ചയായ മൂന്നാം സീസണിനൊരുങ്ങുന്ന ജോബിൻ ജോബിയും ശ്രദ്ധേയനായ യുവതാരമാണ്. ആദ്യ സീസണിൽ കൊച്ചിക്കായി ശ്രദ്ധേയ ഇന്നിങ്‌സുകൾ കളിച്ച ജോബിൻ, കഴിഞ്ഞ സീസണിൽ ഫാസ്റ്റ് ബൗളറായും തിളങ്ങി. ഓൾറൗണ്ടറെന്ന നിലയിൽ ആത്മവിശ്വാസം ഉയർത്തിയ പ്രകടനമാണ് കുച്ച് ബെഹാർ ട്രോഫിയിൽ താരം പുറത്തെടുത്തത്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരേസമയം സെഞ്ചുറിയും അഞ്ച് വിക്കറ്റും നേടി ശ്രദ്ധ നേടിയ ജോബിൻ, അതേ മികവ് കെസിഎല്ലിലും ആവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

You may also like