മുംബൈ: ലൈംഗികാതിക്രമക്കേസിൽ തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് തിരിച്ചടി. കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, അദ്ദേഹത്തെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കി. 2013-ൽ ഗോവയിലെ ഒരു ഹോട്ടലിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക ഉത്തരവ്.
ഗോവ സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചാണ് സെഷൻസ് കോടതിയുടെ കുറ്റവിമുക്ത വിധി റദ്ദാക്കിയത്. സംഭവത്തിന് ശേഷം തരുൺ തേജ്പാൽ സഹപ്രവർത്തകയ്ക്ക് അയച്ച ഇ-മെയിലുകളും കോടതി തെളിവായി പരിഗണിച്ചു. തനിക്ക് 62 വയസായെന്നും താനാണ് ഇരയെന്നും തേജ്പാൽ വാദിച്ചെങ്കിലും, അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്ന് സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണിതെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷ സംബന്ധിച്ച വാദം പിന്നീട് കേൾക്കും.
2013-ൽ ഗോവയിൽ നടന്ന തെഹൽക്ക തിങ്ക് ഫെസ്റ്റ് പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ലിഫ്റ്റിൽ വെച്ച് ജൂനിയറായ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് ഗോവ ക്രൈം ബ്രാഞ്ച് തരുൺ തേജ്പാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 2021-ൽ ഗോവയിലെ വിചാരണക്കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയായിരുന്നു ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
