തിരുവനന്തപുരം: വിവാദപരമായ ലോക കേരളസഭ ഇനി മുന്നോട്ട് കൊണ്ടുപോകില്ലെന്ന നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. ലോക കേരളസഭ ഉപേക്ഷിക്കുക എന്നത് യു.ഡി.എഫിന്റെ വ്യക്തമായ രാഷ്ട്രീയ തീരുമാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ മാതൃകയിൽ ലോക കേരളസഭ സംഘടിപ്പിക്കുന്നത് നിലവിലെ സർക്കാരിന്റെ മുന്നിൽ ഇല്ലെന്നും, ആറാം പതിപ്പിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, നിലവിൽ പ്രവർത്തിക്കുന്ന ലോക കേരളസഭ സെക്രട്ടേറിയറ്റ് ഓഫീസിന്റെ ഭരണപരമായ ചെലവുകൾക്കും (Administrative Expenses), നോർക്ക വഴി സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള മറ്റ് പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.
പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. ഇത്തരം പദ്ധതികളും പ്രവാസി നിർദ്ദേശങ്ങളും കൃത്യമായി പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
