Home Keralaപാണക്കാട് മണ്ണിടിച്ചിൽ: ആദ്യം അനുമതി, പിന്നാലെ റദ്ദാക്കി; ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ സംശയങ്ങൾ ശക്തം

പാണക്കാട് മണ്ണിടിച്ചിൽ: ആദ്യം അനുമതി, പിന്നാലെ റദ്ദാക്കി; ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിൽ സംശയങ്ങൾ ശക്തം

by news_desk1
0 comments

മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പലയിടങ്ങളിലും അനുമതി നൽകുന്നതായി ആക്ഷേപം ശക്തമാകുന്നു. ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്താതെയാണ് അനുമതികൾ നൽകുന്നതെന്നും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായും വിമർശനം ഉയരുന്നു. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമാണത്തിന് ആദ്യം അനുമതി നൽകുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തതും കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

പാണക്കാട്ടെ കുന്നിൻ ചെരുവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് പിന്നാലെ ശക്തമായ മഴ പെയ്തതോടെ പ്രദേശത്ത് മണ്ണിടിച്ചിൽ ആരംഭിച്ചു. മഴ ശക്തമായതോടെ മണ്ണ് പൂർണമായും കുത്തിയൊലിക്കുകയായിരുന്നു.

അതേസമയം, കുത്തനെയുള്ള ചെരിവുകളുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി പോലും മണ്ണെടുക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ വ്യക്തമായ ഉത്തരവുണ്ട്. എന്നാൽ ഈ നിർദേശം അവഗണിച്ചാണ് പല സ്ഥലങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ആക്ഷേപം. അശാസ്ത്രീയമായ മണ്ണെടുപ്പ് കുന്നിടിച്ചിലിനും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നുവെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി ഇടപെട്ടത്.

2015-ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടപ്രകാരം 3000 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾക്ക് മണ്ണെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമായിരുന്നു. എന്നാൽ അപകടസാധ്യതയുള്ള കുന്നിൻ പ്രദേശങ്ങളിൽ സ്ലോപ്പ് സ്റ്റബിലിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ പഠനങ്ങൾ നിർബന്ധമാക്കിയിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതി മണ്ണെടുപ്പിന് വിലക്ക് ഏർപ്പെടുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അനുമതികൾ നൽകാതിരിക്കാനും നിലവിലുള്ള അനുമതികൾ നിർത്തിവയ്ക്കാനും ജിയോളജി വകുപ്പ് നിർദേശം നൽകിയിരുന്നു. കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും നിർദേശവും നൽകിയിരുന്നു.

പാണക്കാട്ടെ മണ്ണിടിഞ്ഞ സ്ഥലത്തിന് 2025 സെപ്റ്റംബർ 26-നാണ് ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചത്. ഇവിടെ പാറ പൊട്ടിക്കുന്നതിന് ജിയോളജി വകുപ്പും മണ്ണെടുക്കുന്നതിനായി നഗരസഭയും അനുമതി നൽകിയിരുന്നു. 3000 ചതുരശ്ര അടിയിൽ താഴെയുള്ള നിർമാണങ്ങളിൽ മണ്ണെടുപ്പിന്റെ ഉത്തരവാദിത്വം ജിയോളജി വകുപ്പിനില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.

മണ്ണിടിഞ്ഞ പ്രദേശത്തിന് സമീപത്തും മറ്റ് നിർമാണങ്ങൾക്കും ഖനന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന സൂചനകളുണ്ട്. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയാണ് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പ് രംഗത്തിറങ്ങിയത്.

അതേസമയം, 45 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളിൽ നിർമാണത്തിന് അനുമതി നൽകാറില്ലെന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ തദ്ദേശസ്ഥാപനങ്ങളും ജിയോളജി വകുപ്പും അനുമതി നൽകിയ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

You may also like