കൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ്. ക്യാമറ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് പറയുന്നു. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇക്കാര്യം കണ്ടെത്തിയത്.
തെളിവുകൾ നശിപ്പിക്കുന്നതിനായാകാം ഡിവിആർ മാറ്റിയതെന്നാണ് എക്സൈസിന്റെ സംശയം. നാളെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ഈ കണ്ടെത്തൽ പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയേക്കും.
അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ച കേസിലാണ് ആന്റോ അഗസ്റ്റിനെ ബത്തേരി കോടതി 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമായി വീട് തന്റെ പേരിലല്ലെന്നും വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചതായി എക്സൈസ് പറയുന്നു.
വാഴവറ്റയിലെ വീട് ബാങ്ക് ജപ്തിക്ക് ശേഷം സർഫാസി നിയമപ്രകാരം മറ്റൊരാൾ സ്വന്തമാക്കിയതാണെന്നും താൻ മദ്യപിക്കുന്ന ആളല്ലെന്നും ആന്റോ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ ശേഖരിക്കുകയാണ് എക്സൈസ്.
പഞ്ചായത്ത് രേഖകളിലും കെ.എസ്.ഇ.ബി കണക്ഷനിലും വീട് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ഭാര്യാമാതാവ് ലില്ലിയാണ് ലേലത്തിലൂടെ വസ്തു സ്വന്തമാക്കിയതെന്നാണ് ആന്റോയുടെ വാദം. ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന വാദം തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ്.ബി.ഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്സൈസിന്റെ നിലപാട്.
ഇതിനിടെ വാഴവറ്റയിലെ വീട് അനധികൃത നിർമാണമാണെന്ന് കണ്ടെത്തി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നിട്ടുണ്ട്.
