Home Sports‘ദ ഫസ്റ്റ് സീസൺ’; കേരള ബ്ലാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റകാല ഓർമകൾ പുസ്തകമാക്കി വിരേൻ ഡി’സിൽവ

‘ദ ഫസ്റ്റ് സീസൺ’; കേരള ബ്ലാസ്റ്റേഴ്‌സിന്റെ അരങ്ങേറ്റകാല ഓർമകൾ പുസ്തകമാക്കി വിരേൻ ഡി’സിൽവ

by news_desk1
0 comments

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അരങ്ങേറ്റ സീസണിലെ പിന്നാമ്പുറ കഥകളും അനുഭവങ്ങളും പങ്കുവച്ച് ക്ലബിന്റെ മുൻ ജനറൽ മാനേജർ വിരേൻ ഡി’സിൽവയുടെ ആദ്യ പുസ്തകം ‘ദ ഫസ്റ്റ് സീസൺ’ പുറത്തിറങ്ങി. 2014ലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രഥമ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജനറൽ മാനേജറായിരുന്ന വിരേൻ ഡി’സിൽവയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

ഒരു പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചതുമുതൽ ടീമിനെ ഒരുക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പുതിയ ലീഗിന്റെ ആവേശവും അനിശ്ചിതത്വവും നേരിട്ടതുമെല്ലാം പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു.

താരങ്ങൾ, പരിശീലകർ, ജീവനക്കാർ, ഉടമകൾ, ആരാധകർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ പുതിയ ഫ്രാഞ്ചൈസി കേരളത്തിന്റെ ഫുട്‌ബോൾ ആവേശത്തിന്റെ കേന്ദ്രമായി മാറിയതിന്റെ കഥയും പുസ്തകം പങ്കുവയ്ക്കുന്നു. പിന്നീട് ഇന്ത്യൻ കായികരംഗത്തെ ഏറ്റവും ആവേശകരമായ ആരാധക കൂട്ടായ്മകളിലൊന്നായി മാറിയ ‘യെല്ലോ ആർമി’ എന്ന മഞ്ഞപ്പടയുടെ രൂപീകരണവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഫുട്‌ബോളിനപ്പുറം ഒരു ആശയത്തെ യാഥാർഥ്യമാക്കുന്നതിന്റെയും ഒരു ടീമിനെ കൂട്ടായ ലക്ഷ്യത്തിലേക്ക് നയിക്കുന്നതിന്റെയും കഥ കൂടിയാണ് ‘ദ ഫസ്റ്റ് സീസൺ’ എന്ന് വിരേൻ ഡി’സിൽവ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വലിയ സ്റ്റാർട്ടപ്പായിരുന്നുവെന്നും അതിന്റെ തുടക്കകാല അനുഭവങ്ങളാണ് പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പോർട്‌സ് ബ്രോഡ്കാസ്റ്റിങ്, മീഡിയ റൈറ്റ്‌സ്, മാർക്കറ്റിങ്, ഫ്രാഞ്ചൈസി മാനേജ്‌മെന്റ് മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടുള്ള വിരേൻ ഡി’സിൽവ ‘ഗുഡ് ഫ്ലിപ്പിൻ ബർഗേഴ്‌സ്’ എന്ന ബർഗർ ബ്രാൻഡിന്റെ സഹസ്ഥാപകനുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗ്, പ്രോ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

‘ദ ഫസ്റ്റ് സീസൺ’ പുസ്തകം ആമസോണിലും ഡി.സി. ബുക്‌സിലൂടെയും ലഭിക്കും.

You may also like