തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ രണ്ട് ഞായറാഴ്ചകളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങളുമായി ഗുരുവായൂർ ദേവസ്വം. ഓഗസ്റ്റ് 23ന് 377 വിവാഹങ്ങളും ഓഗസ്റ്റ് 30ന് 295 വിവാഹങ്ങളും ഇതിനകം ശീട്ടാക്കിയിട്ടുണ്ട്. ആകെ 672 വിവാഹങ്ങളാണ് ഈ രണ്ട് ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നത്.
ഭക്തർക്ക് തടസമില്ലാതെ ക്ഷേത്രദർശനം നടത്തുന്നതിനും വിവാഹ ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കുന്നതിനുമാണ് ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥാണ് ഇക്കാര്യം അറിയിച്ചത്.
പുലർച്ചെ 4 മുതൽ വിവാഹങ്ങൾ
വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി ഓഗസ്റ്റ് 23, 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും. ഇതിനായി ആറ് വിവാഹമണ്ഡപങ്ങൾ സജ്ജമാക്കും. ചടങ്ങുകൾ നിർവഹിക്കുന്നതിനായി ക്ഷേത്രം കോയ്മമാരെ അധികമായി മണ്ഡപങ്ങളിൽ നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും സജ്ജമാക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേ നട പൂർണമായും വൺവേ സംവിധാനത്തിലാക്കും. ഭക്തരെ ഒരു ദിശയിലൂടെ മാത്രം കടത്തിവിടും.
വരനും വധുവും ഉൾപ്പെടുന്ന വിവാഹസംഘം നേരത്തെ എത്തി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനും ക്ഷേത്രത്തിന്റെ തെക്കേ നടയിലെ പുതിയ നടപ്പന്തലിനുമിടയിലെ കൗണ്ടറിൽ നിന്ന് ടോക്കൺ വാങ്ങണം. തുടർന്ന് പുതിയ നടപ്പന്തലിൽ വിശ്രമിക്കാം. താലികെട്ടിനുള്ള സമയമാകുമ്പോൾ വിവാഹസംഘത്തെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. അവിടെ നിന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി വിവാഹച്ചടങ്ങ് നടത്താം.
വിവാഹം പൂർത്തിയായ ശേഷം സംഘം ക്ഷേത്രത്തിന്റെ തെക്കേ നടവഴി മടങ്ങണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.
വരനും വധുവിനുമൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ വിവാഹമണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. അഭൂതപൂർവമായ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം.
ദർശനത്തിനും നിയന്ത്രണം
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനവുമായി ബന്ധപ്പെട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.
ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്കും വിവാഹച്ചടങ്ങുകൾക്കെത്തുന്നവർക്കും ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിനായി ദേവസ്വം ജീവനക്കാർ, സെക്യൂരിറ്റി വിഭാഗം, പൊലീസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും.
ക്ഷേത്രദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹകരണവും ദേവസ്വം അഭ്യർത്ഥിച്ചു.
