തൃശൂർ: ദേശീയപാത 544-ലെ കുതിരാൻ തുരങ്കപ്പാതയുടെ കവാടത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) സ്റ്റേറ്റ് യൂണിറ്റ് കേരള ആൻഡ് ലക്ഷദ്വീപിലെ വിദഗ്ധസംഘം സ്ഥലത്ത് സമഗ്രമായ ശാസ്ത്രീയ പരിശോധന നടത്തി.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ ശിഖ സുരേന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ഐ സംഘം സ്ഥലത്തെത്തിയത്. സീനിയർ ജിയോളജിസ്റ്റുകളായ എ. രമേശ് കുമാർ, നിശാന്ത് എസ്. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരും വിദഗ്ധസംഘത്തോടൊപ്പം പരിശോധനയിൽ പങ്കെടുത്തു.
തുരങ്കമുഖത്തെയും അതിന് മുകളിലുള്ള കുന്നിൻചെരിവിലെയും നിലവിലെ ചരിവിന്റെ സ്ഥിരത, മണ്ണിന്റെയും പാറയുടെയും സ്വഭാവം, ജലനിർഗമന സൗകര്യങ്ങൾ, ഭാവിയിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾ എന്നിവ സംഘം വിശദമായി വിലയിരുത്തി. ഇതിന്റെ ഭാഗമായി പ്രാഥമിക വിവരങ്ങളും ശേഖരിച്ചു.
കൂടുതൽ സമഗ്രമായ പഠനത്തിനായി തുരങ്കനിർമാണ സമയത്ത് തയ്യാറാക്കിയ ഡിസൈൻ രേഖകൾ, ഡി.പി.ആർ, ഭൗമസാങ്കേതിക പഠന റിപ്പോർട്ടുകൾ എന്നിവ നൽകാൻ ബന്ധപ്പെട്ട അധികൃതരോട് ജി.എസ്.ഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും മേഖലയിലെ അപകടസാധ്യത ഒഴിവാക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള ശാശ്വത പരിഹാര നിർദേശങ്ങൾ ജി.എസ്.ഐ സർക്കാരിന് സമർപ്പിക്കുക.
നേരത്തെ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ഭൂജല-വനം വകുപ്പ് ഉദ്യോഗസ്ഥർ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘവും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഈ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നത്.
