Home Keralaഅമ്പലമേട് വിശ്വാസ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്

അമ്പലമേട് വിശ്വാസ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്

by news_desk1
0 comments

കൊച്ചി: അമ്പലമേട് വിശ്വാസ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിലിൽ നിന്ന് മുറിച്ച മരങ്ങൾ വിശ്വാസ വഞ്ചന കാട്ടി വിറ്റ കേസിലാണ് കോടതിയുടെ നടപടി.

ഇന്നലെ കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വിശ്വാസ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി അഗസ്റ്റിൻ സഹോദരന്മാർ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

മേപ്പാടിയിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരക്കമ്പനി ഉടമയ്ക്ക് വിൽപ്പന നടത്തി വിശ്വാസ വഞ്ചന കാട്ടിയെന്നാണ് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

കമ്പനി ഉടമ അലിയാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021-ലാണ് റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്.

മരം കൊണ്ടുപോകുന്നതിന് പ്രത്യേക പാസായ ഫോം 3 ആവശ്യമില്ലെന്നും വിശ്വാസ വഞ്ചനാക്കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ ആദ്യം ചോറ്റാനിക്കര കോടതിയെ സമീപിച്ചിരുന്നു. കീഴ്‌ക്കോടതി ആവശ്യം തള്ളിയതോടെയാണ് പ്രതികൾ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

You may also like