Home Editorialശബ്ദത്തിനും വേണം അതിരുകൾ

ശബ്ദത്തിനും വേണം അതിരുകൾ

by news_desk
0 comments

പൊതുവിടങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തേക്കാൾ വലുതാണ് സഹജീവികളോടുള്ള ഉത്തരവാദിത്വം

ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കരുത്, ഫോണിൽ പാട്ടും വീഡിയോയും മറ്റുള്ളവരെ കേൾപ്പിക്കരുത്. കേൾക്കുമ്പോൾ ചെറിയൊരു നിയന്ത്രണമായി തോന്നാം. എന്നാൽ ഈ നിർദേശത്തിനുള്ളിൽ പൊതുജീവിതത്തിന്റെ വലിയൊരു പാഠമുണ്ട്: സ്വാതന്ത്ര്യം സ്വന്തം ഇഷ്ടങ്ങൾക്കു മാത്രമുള്ള അവകാശമല്ല; മറ്റുള്ളവരുടെ സ്വസ്ഥതയെ മാനിക്കാനുള്ള ഉത്തരവാദിത്വം കൂടിയാണ്. ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കാനും പാട്ടുകേൾക്കാനും വീഡിയോകൾ കാണാനും എല്ലാവർക്കും താൽപര്യമുണ്ടാകാം. എന്നാൽ അതേ യാത്രയിൽ ആരെങ്കിലും ശാന്തമായി ഉറങ്ങാനും പുസ്തകം വായിക്കാനും സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കാനും ആഗ്രഹിക്കുന്നുണ്ടാകാം. ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ അസ്വസ്ഥതയായി മാറുന്നിടത്താണ് പൊതുമര്യാദയുടെ പ്രസക്തി ആരംഭിക്കുന്നത്. സ്വന്തം ഇഷ്ടം മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള അവകാശം ആർക്കുമില്ല. ട്രെയിൻ കേവലം യാത്രാമാർഗമല്ല. വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും പ്രായങ്ങളും ജീവിതസാഹചര്യങ്ങളുമുള്ള മനുഷ്യർ മണിക്കൂറുകളോളം പങ്കിടുന്ന പൊതുവിടമാണ്. അവിടെ ഓരോ യാത്രക്കാരനും തുല്യമായ പരിഗണന അർഹിക്കുന്നു. ഫോണിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഒരാൾക്കുണ്ടെങ്കിൽ, മറ്റൊരാളുടെ സ്വകാര്യ സംഭാഷണവും അനാവശ്യ ശബ്ദവും കേൾക്കാതെ യാത്ര ചെയ്യാനുള്ള അവകാശവും അത്രതന്നെ പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരുടെ സമാധാനം കവർന്നെടുക്കുന്നത് അവകാശബോധമല്ല, സാമൂഹിക ഉത്തരവാദിത്വത്തിന്റെ അഭാവമാണ്. അനാവശ്യ ശബ്ദം കേവലം അസ്വസ്ഥതയല്ല. ദീർഘദൂര യാത്രക്കാരുടെ ഉറക്കം, വയോധികരുടെ വിശ്രമം, രോഗികളുടെ ആരോഗ്യസ്ഥിതി, കുട്ടികളുടെ സൗകര്യം എന്നിവയെല്ലാം അത് ബാധിച്ചേക്കാം. പൊതുവിടങ്ങളിലെ ശബ്ദമലിനീകരണം റോഡുകളിലും ആഘോഷങ്ങളിലും മാത്രമല്ല, നമ്മുടെ ദൈനംദിന പെരുമാറ്റത്തിലും വേരൂന്നിയിരിക്കുന്നു. മറ്റുള്ളവരുടെ സൗകര്യത്തെക്കുറിച്ച് ചിന്തിക്കാതെ ഉച്ചത്തിൽ സംസാരിക്കുകയും ഫോണിൽ പാട്ടും വീഡിയോകളും സ്പീക്കറിലൂടെ കേൾപ്പിക്കുകയും ചെയ്യുന്നത് നിസ്സാരമായ ശീലങ്ങളായി കാണാനാവില്ല. ഇത് ട്രെയിനിൽ മാത്രമല്ല, ബസുകളിലും എന്തിന് ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിൽ പോലും നിരത്തുകളെ ഭീതിയിലാക്കിയുള്ള പാട്ടെന്ന പേരിലുള്ള ശബ്ദമലിനീകരണം രൂക്ഷമാണെന്നത് കാണാതിരിക്കാനാവില്ല. അതേസമയം, ശബ്ദനിയന്ത്രണത്തിന്റെ പേരിൽ യാത്രക്കാരുടെ ആശയവിനിമയ സ്വാതന്ത്ര്യം അനാവശ്യമായി പരിമിതപ്പെടുത്താനും പാടില്ല. അടിയന്തരമായ ഫോൺ സംഭാഷണങ്ങൾക്കും യാത്രാസംബന്ധമായ ആവശ്യങ്ങൾക്കും സ്വാഭാവികമായും ഇടമുണ്ടാകണം. നിയന്ത്രണങ്ങൾ വ്യക്തവും ന്യായയുക്തവും എല്ലാവർക്കും ഒരുപോലെ ബാധകവുമായിരിക്കണം. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലും സൗമ്യവും നീതിപൂർവവുമായിരിക്കണം. ചെറിയ ലംഘനങ്ങൾ അനാവശ്യ തർക്കങ്ങളിലേക്കോ അധികാരദുർവിനിയോഗത്തിലേക്കോ വഴിമാറാതിരിക്കാനുള്ള ജാഗ്രതയും അനിവാര്യമാണ്.
നിയമത്തിനും നിർദേശങ്ങൾക്കും അവയുടേതായ സ്ഥാനമുണ്ട്. എന്നാൽ പൊതുമര്യാദയെ നിലനിർത്തുന്നത് നിയമഭയത്തേക്കാൾ ഉപരി പരസ്പര ബഹുമാനമാണ്. ഹെഡ്ഫോൺ ഉപയോഗിക്കുക, ഫോണിന്റെ ശബ്ദം കുറയ്ക്കുക, ആവശ്യത്തിന് മാത്രം സംസാരിക്കുക, മറ്റുള്ളവർ വിശ്രമിക്കുമ്പോൾ അവരുടെ സൗകര്യം പരിഗണിക്കുക-ഇവ വലിയ ത്യാഗങ്ങളല്ല. സംസ്കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ ഏറ്റവും ലളിതമായ അടയാളങ്ങളാണ്.
അവകാശങ്ങളെക്കുറിച്ച് നാം വാചാലരാകുമ്പോൾ കടമകളെക്കുറിച്ച് പലപ്പോഴും നിശ്ശബ്ദരാകുന്നു. സ്വന്തം സൗകര്യത്തിന് മറ്റുള്ളവരുടെ സ്വാതന്ത്ര്യവും സമാധാനവും ബലികൊടുക്കാൻ ആർക്കും അവകാശമില്ലെന്ന തിരിച്ചറിവാണ് പൊതുജീവിതത്തിന്റെ അടിത്തറയാകേണ്ടത്. ഈ ബോധം ട്രെയിനിൽ മാത്രം ഒതുങ്ങേണ്ടതുമില്ല; ബസിലും ആശുപത്രിയിലും ഓഫീസിലും ആരാധനാലയങ്ങളിലും എല്ലാ പൊതുവിടങ്ങളിലും അത് ഒരുപോലെ പ്രസക്തമാണ്. ശബ്ദം കുറയ്ക്കുന്നത് മാത്രം പോരാ; മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സും വളരണം. കാരണം, നിശ്ശബ്ദത അടിച്ചേൽപ്പിക്കുന്നതിലല്ല ഒരു പരിഷ്കൃത സമൂഹത്തിന്റെ മഹത്വം. ഓരോരുത്തർക്കും സമാധാനത്തോടെ ജീവിക്കാനും യാത്ര ചെയ്യാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ്. സ്വന്തം സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നും ആ അതിരുകൾക്കപ്പുറം മറ്റൊരാളുടെ അവകാശങ്ങൾ ആരംഭിക്കുന്നുവെന്നും തിരിച്ചറിയുന്നിടത്തുനിന്നാണ് യഥാർഥ സാമൂഹിക സംസ്കാരം പിറക്കുന്നത്.

You may also like