മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിക്ക് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വലിയ വേദികളിലേക്ക് ചുവടുവെക്കാം. താരം തന്റെ 15-ാം പിറന്നാൾ ആഘോഷിച്ചതോടെ, അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കാനുള്ള ഐസിസിയുടെ കുറഞ്ഞ പ്രായപരിധി വൈഭവ് പിന്നിട്ടു. ഇതോടെ വരാനിരിക്കുന്ന ഐപിഎൽ പത്തൊമ്പതാം സീസണിന് തൊട്ടുമുമ്പ് തന്നെ ഇന്ത്യൻ സീനിയർ ടീം സെലക്ഷന് അർഹത നേടിയിരിക്കുകയാണ് ഈ യുവതാരം.
യുവതാരങ്ങളുടെ ശാരീരിക-മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി 2020-ൽ ഐസിസി കൊണ്ടുവന്ന നിയമപ്രകാരം (ആർട്ടിക്കിൾ 4.1), ഒരു താരത്തിന് ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ കുറഞ്ഞത് 15 വയസ്സ് തികഞ്ഞിരിക്കണം. പ്രായപരിധി പിന്നിട്ടതോടെ വൈഭവ് എപ്പോൾ ഇന്ത്യൻ കുപ്പായമണിയുമെന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. 2025-ലെ ഐപിഎൽ താരലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതോടെയാണ് വൈഭവ് ആഗോളശ്രദ്ധ നേടിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി പാഡണിഞ്ഞ വൈഭവ്, അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ചാണ് വരവറിയിച്ചത്. തൊട്ടുപിന്നാലെ വെറും 35 പന്തിൽ സെഞ്ച്വറി നേടി ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലും അണ്ടർ-19 തലത്തിലും ഇതിനോടകം തന്നെ വൈഭവ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ അണ്ടർ-19 യൂത്ത് ടെസ്റ്റിൽ 58 പന്തിൽ സെഞ്ച്വറി നേടിയ വൈഭവ്, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ ഇന്ത്യൻ താരമാണ്. ജനുവരിയിൽ നടന്ന അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടീമിന്റെ ടോപ് സ്കോററായതും ഈ ഇടങ്കയ്യൻ ബാറ്ററായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഫൈനലിൽ 80 പന്തിൽ 175 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡും തന്റെ പേരിൽ കുറിച്ചിരുന്നു.

