ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താൽപര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാന്‍ താൽപര്യമില്ലെന്നും ഇന്ത്യയിൽ നിശ്ചയിക്കപ്പെട്ട മത്സരങ്ങൾ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചിരുന്നു. ഇതിനുപിന്നാലെ ഐസിസി ലോകകപ്പിന് പുതിയ ഷെഡ്യൂള്‍ തയാറാക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ടൂർണമെന്റിന് വേണ്ടി പുതിയ ഷെഡ്യൂൾ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഐസിസി ചെയർമാൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി ആരംഭിച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബിയുടെ ആവശ്യം. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനു മുമ്പ് ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതാണ് വെല്ലുവിളി.
Highlights: Icc redraws t20 world cup schedule after bangladesh seeks shift from india says report

