കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കൊടുവിൽ പേരാവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ പ്രചാരണത്തിന് കെ. സുധാകരൻ എത്തി. കണ്ണൂരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സുധാകരൻ അനുകൂലികൾ വ്യാപകമായി പ്രതിഷേധമുയർത്തിയ പേരാവൂരിലെ മണ്ഡലം കൺവെൻഷനിലാണ് ഇരുവരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ദില്ലി ചർച്ചകൾക്ക് പിന്നാലെ സണ്ണി ജോസഫ് നേരിട്ട് നടാലിലെ വീട്ടിലെത്തി ക്ഷണിച്ചതിനെത്തുടർന്നാണ് സുധാകരൻ മണ്ഡലത്തിലെത്തിയത്.
തന്റെ രാഷ്ട്രീയ വളർച്ചയിൽ സുധാകരൻ നൽകിയ പിന്തുണ സണ്ണി ജോസഫ് വേദിയിൽ നന്ദിയോടെ സ്മരിച്ചു. “കെ. സുധാകരൻ എന്റെ ലീഡറാണ്. അദ്ദേഹം ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ എന്നെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. പിന്നീട് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറിയപ്പോൾ എന്നെ ആ പദവിയിലേക്ക് നിർദ്ദേശിക്കാനും അദ്ദേഹം കഠിനമായി പരിശ്രമിച്ചു,” സണ്ണി ജോസഫ് പറഞ്ഞു. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ചോദ്യത്തിന് “ഞങ്ങൾ തമ്മിൽ പ്രേമമാണ്” എന്നായിരുന്നു സുധാകരന്റെ നർമ്മം കലർന്ന മറുപടി.
തുടർന്ന് നടന്ന പ്രസംഗത്തിൽ ഇടതുമുന്നണിയെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിലും കൂടെ നിൽക്കുന്ന നേതാവാണ് സണ്ണി ജോസഫെന്നും അദ്ദേഹത്തെ കൈവിടാൻ പേരാവൂരിലെ ജനങ്ങൾക്ക് കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഒരു വെല്ലുവിളിയേ അല്ലെന്നും യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരൻ അനുകൂല ഫ്ലക്സുകൾ ഏറ്റവും കൂടുതൽ ഉയർന്ന മണ്ഡലത്തിൽ അദ്ദേഹം തന്നെ നേരിട്ടെത്തി പ്രചാരണം നടത്തിയത് യുഡിഎഫ് ക്യാമ്പിന് വലിയ ആവേശം പകർന്നിട്ടുണ്ട്.

