Home Top Storiesസസ്‌പെൻഷൻ പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക്

സസ്‌പെൻഷൻ പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരം; സർക്കാരിനെതിരെ ആഞ്ഞടിച്ച് ബി. അശോക്

by news_desk
0 comments

ഐഎഎസ് കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാൻ; സിവിൽ സർവീസിനെ അടിമകളാക്കാൻ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: സസ്‌പെൻഷൻ നടപടിക്ക് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോക്. സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടി പരാജയപ്പെട്ടപ്പോഴുള്ള പ്രതികാരമാണ് ഈ നടപടിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ എന്നും അത് തള്ളിക്കളയുന്നുവെന്നും പറഞ്ഞ അദ്ദേഹം, പുതിയ സർക്കാർ വരുമ്പോൾ കാര്യങ്ങൾ ശരിയാകുമെന്ന് കൂട്ടിച്ചേർത്തു. സസ്‌പെൻഷനെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകാനില്ലെന്നും പോകുന്ന പോക്കിന് ശത്രുവിന് നേരെ വെടിയുതിർത്ത നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. ഐഎഎസ് അസോസിയേഷൻ നൽകിയ അഞ്ച് കേസുകളിലും സർക്കാർ പരാജയപ്പെട്ടിരുന്നുവെന്നും സർക്കാരിന് സ്തുതി പാടാൻ തനിക്ക് കഴിയില്ലെന്നും ബി. അശോക് വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിനെ നയിക്കുന്നത് പ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥരാണെന്ന് ബി. അശോക് തുറന്നടിച്ചു. കെ.എം. എബ്രഹാം ബാഹ്യ അധികാര കേന്ദ്രമായി വളർന്നുവെന്നും ചീഫ് സെക്രട്ടറിയെപ്പോലും തീരുമാനിക്കുന്നത് അദ്ദേഹമാണെന്നും അശോക് വിമർശിച്ചു. തുടർഭരണം ഉറപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരടങ്ങിയ ഒരു പ്രത്യേക സംഘം കഴിഞ്ഞ ആറുമാസമായി സജീവമാണ്. ഈ കോക്കസിനെ നയിക്കുന്നത് കിഫ്ബി ചെയർമാനാണ്. കടമെടുത്ത കിഫ്ബി ഫണ്ട് സർക്കാരിന്റെ പിആർ പ്രവർത്തനങ്ങൾക്കായി വകമാറ്റുന്നു. ഇത്തവണ 130 കോടിയുടെ പിആർ ജോലികളാണ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 75 കോടിയായിരുന്നു. കിഫ്ബി നേരായ ദിശയിലല്ല സഞ്ചരിക്കുന്നതെന്നും ഫണ്ട് ക്രമക്കേടുകൾ യാഥാർഥ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ഒന്നാം പിണറായി സർക്കാരിലെ ശിവശങ്കർ ഐഎഎസ് കൊള്ളാവുന്ന ഉദ്യോഗസ്ഥനായിരുന്നുവെന്നും എന്നാൽ നിലവിൽ അനർഹരായവരാണ് പല ഉന്നത പദവികളിലും ഇരിക്കുന്നതെന്നും ബി. അശോക് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കാത്ത അടിമകളെ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ വെറും അടിമകളായി കാണുകയും വാഴ്ത്തുപാട്ടുകൾ ആസ്വദിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഭരണകാലാവധി തീരാൻ നാല് ദിവസം ബാക്കിയുള്ളപ്പോൾ ആരും മിണ്ടാൻ പാടില്ലെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

You may also like