Home Keralaജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക പുറത്തിറങ്ങി

ജൂൺ 15 മുതൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക പുറത്തിറങ്ങി

by news_desk1
0 comments

തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി ഓർഡിനറി വിഭാഗത്തിൽ ഉൾപ്പെടുന്ന ബസുകളുടെ സബ് ക്ലാസ് പട്ടിക കെഎസ്ആർടിസി പുറത്തിറക്കി. ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സൗജന്യ യാത്രാ ആനുകൂല്യം ലഭ്യമാകുക. യാത്രയ്ക്ക് ദൂരപരിധി നിശ്ചയിച്ചിട്ടില്ലെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകൾ എന്നിവയിൽ സൗജന്യ യാത്ര ലഭിക്കില്ല. കൂടാതെ ഉത്സവകാല സ്പെഷ്യൽ സർവീസുകൾ, വീക്ക് എൻഡ് അഡീഷണൽ സർവീസുകൾ, ബിറ്റിസി സർവീസുകൾ, ചാർട്ടേഡ് ട്രിപ്പുകൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നില്ല.

പ്രിയദർശിനി പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കെഎസ്ആർടിസി ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകും. ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ ‘സീറോ ഫെയർ’ സംവിധാനം ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന യാത്രാ വിവരങ്ങളും വരുമാന കണക്കുകളും എല്ലാ മാസവും സർക്കാരിന് സമർപ്പിക്കും.

യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കാനും ആവശ്യമായ ബസുകളും ജീവനക്കാരും ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പദ്ധതി നടപ്പിലാക്കുന്നത്.

അതേസമയം, പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകൾ ആരോപിച്ചു. ബജറ്റിൽ അനുകൂല നടപടികൾ സ്വീകരിക്കാത്ത പക്ഷം സർവീസ് നിർത്തിവെച്ച് സമരത്തിലേക്ക് കടക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

You may also like