തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര ലഭിക്കുന്ന ഓർഡിനറി ബസുകളുടെ സബ് ക്ലാസ് പട്ടിക കെഎസ്ആർടിസി പുറത്തിറക്കി. ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് ആനുകൂല്യം ലഭിക്കുക.
സൗജന്യ യാത്ര ലഭിക്കുന്ന ബസുകൾ:
• സാധാരണ ഓർഡിനറി സർവീസ്
• സിറ്റി ഓർഡിനറി ബസ്
• ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്
• ടൗൺ ടു ടൗൺ ബസ്
• ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
• പോയിന്റ് ടു പോയിന്റ് ഓർഡിനറി സർവീസ്
• ഗ്രാമവണ്ടി സർവീസ്
പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പുറത്തിറക്കിയ മെമ്മോറാണ്ടം പ്രകാരം സൗജന്യ യാത്രയ്ക്ക് ദൂരപരിധി ഉണ്ടായിരിക്കില്ല. എന്നാൽ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസുകൾ എന്നിവയിൽ ഈ ആനുകൂല്യം ലഭ്യമല്ല. ഉത്സവകാല സ്പെഷ്യൽ സർവീസുകൾ, വീക്കൻഡ് അഡീഷണൽ സർവീസുകൾ, ബിറ്റിസി സർവീസുകൾ, ചാർട്ടേഡ് ട്രിപ്പുകൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടില്ല.
സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും ഇരുവശങ്ങളിലും ‘പ്രിയദർശിനി’ എന്ന ബോർഡ് പ്രദർശിപ്പിക്കും. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നിർബന്ധമായും ‘സീറോ ടിക്കറ്റ്’ നൽകും. ടിക്കറ്റിൽ യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങൾ രേഖപ്പെടുത്തും. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടിക്കറ്റുകൾ നൽകും. അധിക ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കേണ്ടതുമാണ്.
സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. പുരുഷ യാത്രക്കാർക്ക് വനിതാ സൗജന്യ ടിക്കറ്റ് നൽകിയാലും കർശന നടപടിയുണ്ടാകും. വനിതാ യാത്രക്കാരോട് സൗഹൃദപരവും മാന്യവുമായ സമീപനം പുലർത്തണമെന്നും സുരക്ഷിതമായി കയറാനും ഇറങ്ങാനും സൗകര്യം ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സൗജന്യ ആനുകൂല്യമില്ലാത്ത ബസുകളിൽ കയറുന്നതിന് മുമ്പ് കണ്ടക്ടർമാർ ഇക്കാര്യം അറിയിക്കണമെന്നും നിർദേശമുണ്ട്.
പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും പ്രത്യേക പരിശീലനം നൽകും. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ ‘സീറോ ഫെയർ’ സംവിധാനം ഉൾപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. ഓരോ മാസവും വരുമാന റിപ്പോർട്ട് സർക്കാരിന് കൈമാറും. തിരക്കേറിയ റൂട്ടുകളിൽ ആവശ്യാനുസരണം അധിക സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.
ജൂൺ 15 മുതൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പാക്കുക. തുടർന്ന് പ്രവർത്തനം വിലയിരുത്തി മറ്റ് വിഭാഗം ബസുകളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കും. പദ്ധതിമൂലം കെഎസ്ആർടിസിക്ക് പ്രതിവർഷം ഏകദേശം 800 കോടി രൂപയുടെ വരുമാനക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് നൽകും. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന തീരുമാനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സർവീസ് നിർത്തി സമരത്തിലേക്ക് കടക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ പ്രതികരണം.

