Home Keralaഊരാളുങ്കലിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ രമേശൻ പാലേരി അന്തരിച്ചു; നിർമാണ മേഖലയ്ക്ക് തീരാനഷ്ടം

ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ രമേശൻ പാലേരി അന്തരിച്ചു; നിർമാണ മേഖലയ്ക്ക് തീരാനഷ്ടം

by news_desk1
0 comments

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം വടകരയിലേക്ക് കൊണ്ടുപോകും.

മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വനിരയിൽ പ്രവർത്തിച്ചിരുന്ന രമേശൻ പാലേരി 1995 മുതൽ ചെയർമാനായിരുന്നു. 32 വർഷത്തോളം സൊസൈറ്റിയെ നയിച്ച അദ്ദേഹം പാലേരി കണാരന്റെ മകനും വടകര മടപ്പള്ളി സ്വദേശിയുമാണ്.

മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഗ്രാമീണ നിർമാണ സ്ഥാപനം മാത്രമായിരുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ രാജ്യത്തെ മുൻനിര അടിസ്ഥാന വികസന സ്ഥാപനങ്ങളിലൊന്നാക്കി ഉയർത്തുന്നതിൽ രമേശൻ പാലേരി നിർണായക പങ്കുവഹിച്ചു. തൊഴിലാളികൾക്ക് പി.എഫ്., മികച്ച കൂലി, മാസശമ്പളം എന്നിവ ഉറപ്പാക്കി തൊഴിൽ മേഖലയിൽ പുതിയ മാതൃക സൃഷ്ടിച്ചതും അദ്ദേഹത്തിന്റെ ആദ്യകാല പരിഷ്കാരങ്ങളിലൊന്നായിരുന്നു.

ഗ്രാമീണ റോഡ് നിർമാണത്തിൽ നിന്ന് സംസ്ഥാനപാതകളും ദേശീയപാതകളും ഉൾപ്പെടെയുള്ള വൻ പദ്ധതികളിലേക്ക് സൊസൈറ്റിയെ വളർത്തിയ അദ്ദേഹം, മലേഷ്യൻ സാങ്കേതികവിദ്യയും യൂറോപ്യൻ മാതൃകയിലുള്ള അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലെ റോഡ് നിർമാണ രംഗത്ത് നടപ്പാക്കാൻ ശ്രമിച്ചു.

വടകരയിലെ ക്രാഫ്റ്റ് വില്ലേജും തിരുവനന്തപുരത്തെ വേളി ടൂറിസം കേന്ദ്രവും ഉൾപ്പെടെ നിരവധി പ്രധാന പദ്ധതികൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ദേശീയപാത അതോറിറ്റിയുടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളിലൊന്നായ കാസർകോട് ദേശീയപാത നിർമാണവും സൊസൈറ്റി വിജയകരമായി പൂർത്തിയാക്കിയിരുന്നു. പുതിയ സാങ്കേതികവിദ്യകൾ കേരളത്തിൽ പരിചയപ്പെടുത്താനും നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക ലാബ് സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നൽകി.

നിർമാണ മേഖലയിൽ നിന്ന് ഐ.ടി. രംഗത്തേക്കും സൊസൈറ്റിയുടെ പ്രവർത്തനം വ്യാപിപ്പിച്ച രമേശൻ പാലേരി, കോഴിക്കോട് സ്വന്തമായി ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിലും സംസ്ഥാന സർക്കാരിന്റെ വിവരസാങ്കേതിക പദ്ധതികളിൽ പങ്കാളിയാകുന്നതിലും നിർണായക പങ്കുവഹിച്ചു.

ലക്ഷങ്ങൾ മാത്രം വാർഷിക വരുമാനമുണ്ടായിരുന്ന ഒരു ഗ്രാമീണ സ്ഥാപനത്തെ ആയിരക്കണക്കിന് കോടികളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന വലിയ സ്ഥാപനമാക്കി വളർത്തിയ ദീർഘവീക്ഷണത്തിനുടമയായ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സ്ഥാപനത്തെ മുന്നോട്ട് നയിച്ചെങ്കിലും വ്യക്തിപരമായ പ്രചാരണങ്ങളിൽ നിന്ന് അകന്നുനിന്ന നേതാവായിരുന്ന രമേശൻ പാലേരിയുടെ വിയോഗം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന-സഹകരണ മേഖലകൾക്ക് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

You may also like