Home Top Storiesസർക്കാരിൽ പാർട്ടിക്ക് നിയന്ത്രണക്കുറവ് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണക്കുറവ് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

by news_desk1
0 comments

തിരുവനന്തപുരം: പാർട്ടിക്ക് സർക്കാരിന്മേൽ ആവശ്യമായ നിയന്ത്രണം പുലർത്താനാകാതിരുന്നതാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണങ്ങളിലൊന്നെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടി–സർക്കാർ ഏകോപനത്തിലെ വീഴ്ചകളും പൊതുവേദികളിൽ നേതാക്കൾ കൂടുതൽ ജാഗ്രത പാലിക്കാതിരുന്നതും റിപ്പോർട്ടിൽ വിമർശനമായി ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാർട്ടി–സർക്കാർ ഏകോപനത്തിന്റെ അഭാവം തോൽവിക്ക് വഴിവെച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. നേതാക്കൾക്കെതിരെ അഹങ്കാരവും അഴിമതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉയർന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ഉചിതമായി തള്ളിപ്പറയാൻ കഴിഞ്ഞില്ലെന്നും, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

2021-ലെ 25.38 ശതമാനത്തിൽ നിന്ന് 2026-ൽ സിപിഐഎമ്മിന്റെ വോട്ട് വിഹിതം 21.77 ശതമാനമായി കുറഞ്ഞതായും, അതേസമയം കോൺഗ്രസിന്റെ വോട്ട് വിഹിതം 25.12 ശതമാനത്തിൽ നിന്ന് 28.79 ശതമാനമായി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വോട്ട് ഇടിവാണിതെന്നും ഇത് പാർട്ടിക്ക് ഗൗരവമായ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് യു.ഡി.എഫ് വ്യാജപ്രചാരണം നടത്തിയെന്നും, പാർട്ടിക്കെതിരെയും എൽ.ഡി.എഫിനെതിരെയും വലതുപക്ഷ ശക്തികളെ ഒരുമിപ്പിക്കാൻ അവർക്ക് കഴിഞ്ഞെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും പരസ്യമായി യു.ഡി.എഫിന് അനുകൂലമായി പ്രചാരണം നടത്തിയെന്നും, തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ സിപിഐഎമ്മിന്റെ രാഷ്ട്രീയ ധാർമികതയെ ചോദ്യം ചെയ്യുന്ന പ്രചാരണം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിക്കുന്ന സാഹചര്യത്തിലായിരുന്നുവെങ്കിലും, സിപിഐഎമ്മിന് ബിജെപിയുമായി ധാരണയുണ്ടെന്ന പ്രചാരണം എതിരാളികൾ ശക്തമായി ഉയർത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

You may also like