മലപ്പുറം: നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം.
വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് യുവതി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച് ആശുപത്രി വിട്ടതായാണ് വിവരം.
ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പൊലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
