കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകൾ പൂർണമായി ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ ഇരുട്ടിലാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും കമ്മിറ്റി വെറും ഭരണപരമായ ട്രസ്റ്റി മാത്രമാണെന്നും കോടതി ഓർമ്മിപ്പിച്ചു. 2022–23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പുറത്തുവിടാനും ഹൈക്കോടതി നിർദേശം നൽകി.
ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. കണക്കുകൾ സൂക്ഷിക്കുന്നതിൽ ദേവസ്വം വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നും, ഓഡിറ്റിന് ആവശ്യമായ രേഖകൾ പൂർണമായി കൈമാറാത്തതിനാൽ നടപടികൾ തടസ്സപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും ഭരണസമിതി അവയുടെ ഭരണപരമായ ട്രസ്റ്റി മാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓഡിറ്റിൽ സമഗ്രമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കി കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിക്കണമെന്നും, എല്ലാ വർഷവും ജൂൺ 30-നകം സ്വർണം ഉൾപ്പെടെയുള്ള ദേവസ്വം സ്വത്തുക്കളുടെ മൂല്യനിർണയം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നിയമാനുസൃത ആവശ്യങ്ങൾക്കു മാത്രമേ ദേവസ്വം ഫണ്ട് ചെലവഴിക്കാവൂവെന്നും കോടതി വ്യക്തമാക്കി.
2023–24, 2024–25, 2025–26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും, 2022–23ലെ കണക്കുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് 2022–23ലെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിട്ടത്.
ദേവസ്വത്തിനുള്ള 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായിരിക്കുന്നതെന്നും, അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാത്തത് ഓഡിറ്റിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. സാമ്പത്തിക വർഷം അവസാനിച്ച് 15 ദിവസത്തിനകം കണക്കുകൾ സമർപ്പിക്കേണ്ട പതിവ് പോലും പാലിക്കപ്പെടുന്നില്ലെന്നും, ഒരു രൂപയുടെ ഇടപാടായാലും കണക്കിൽ രേഖപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തങ്ങൾക്കെതിരെ അഡ്മിനിസ്ട്രേറ്റർ ക്രിമിനൽ കേസ് നൽകിയെന്നും, എന്നാൽ പൊലീസ് അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തിയതായും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഓഡിറ്റ് വിഭാഗവും ദേവസ്വം ഭരണസമിതിയും തമ്മിൽ ആവശ്യമായ ഏകോപനമില്ലാത്തത് വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിൽ കാലതാമസം സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവിലുള്ള പോരായ്മകൾ പരിഹരിച്ച് എല്ലാ സാമ്പത്തിക വിവരങ്ങളും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ വിശദമായ മറുപടി സമർപ്പിക്കാൻ ഗുരുവായൂർ ദേവസ്വത്തിന് 10 ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചു.
