Home Nationalപരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെ.സി. വേണുഗോപാൽ

പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെ.സി. വേണുഗോപാൽ

by news_desk1
0 comments

ദില്ലി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും ലോക്സഭയിൽ പൊതുപരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാവിലെ ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നതോടെയാണ് ബില്ലിന്മേലുള്ള ചർച്ച ആരംഭിച്ചത്.

ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കാത്തത് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ചോദ്യം ചെയ്തു. എന്നാൽ, ബില്ലിന്മേലുള്ള ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുമെന്ന് വ്യക്തമാക്കി. വിഷയത്തിൽ എട്ട് മുതൽ പത്ത് മണിക്കൂർ വരെ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച അതീവ ഗൗരവമുള്ള വിഷയമാണെന്നും അതിനെതിരെ ശക്തമായ നിയമനിർമ്മാണം അനിവാര്യമാണെന്നും ലോക്സഭാ സ്പീക്കർ സഭയിൽ നിരീക്ഷിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, വിദ്യാർത്ഥികളുടെ ഭാവി ഇനി ഒരു സാഹചര്യത്തിലും അപകടത്തിലാകാൻ പാടില്ലെന്നും വരുംതലമുറയുടെ ഭാവി സംരക്ഷിക്കാനുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും പറഞ്ഞു. യു.പി.എ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2024-ലെ നിയമം ഭേദഗതി ചെയ്താണ് ഇപ്പോഴത്തെ ബിൽ സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നതെന്നും വ്യക്തമാക്കി. ശക്തമായ നിയമവ്യവസ്ഥകളിലൂടെ കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2010-ൽ എൻ.ടി.എയുടെ മാർഗനിർദേശങ്ങൾ യു.പി.എ സർക്കാർ അവഗണിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബില്ലിലെ പ്രധാന വ്യവസ്ഥകളും മന്ത്രി സഭയിൽ വിശദീകരിച്ചു.

അതേസമയം, ലോക്സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയാൽ മാത്രമേ രാജ്യസഭയിലെ ബിൽ ചർച്ചയിൽ പങ്കെടുക്കൂ എന്ന നിലപാടിലാണ് പ്രതിപക്ഷം. സഭ തടസ്സപ്പെടാതെ വിഷയത്തിൽ വിശദമായ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ പാർലമെന്റിൽ ബില്ലിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ശക്തമായി തുടരുകയാണ്.

You may also like