Home Keralaഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയുയർന്ന് വാണിയപ്പാറയിൽ അന്വേഷണം, പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തു കണ്ടെത്തി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയുയർന്ന് വാണിയപ്പാറയിൽ അന്വേഷണം, പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തു കണ്ടെത്തി

by news_desk1
0 comments

കണ്ണൂർ: വാണിയപ്പാറ ഇൻഫാന്റ് ജീസസ് ചർച്ച് ശ്മശാനത്തിലെ കല്ലറയ്ക്കുള്ളിൽ അസാധാരണ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ അജ്ഞാത വസ്തുക്കൾ കണ്ടെത്തിയത് ദുരൂഹതയ്ക്ക് വഴിവെച്ചു. കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് സാധാരണ സംസ്കാര രീതികൾക്ക് വിരുദ്ധമായി പായയിൽ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലുള്ള വസ്തുക്കൾ കണ്ടെത്തിയത്. ഇതിനുള്ളിൽ അജ്ഞാത മൃതദേഹമാണെന്ന സംശയം ശക്തമായതോടെ കരിക്കോട്ടക്കരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു കല്ലറയ്ക്കുള്ളിൽ നിയമവിരുദ്ധമായി മറ്റൊരു മൃതദേഹം കൂടി രഹസ്യമായി അടക്കം ചെയ്തതാണോ എന്നതടക്കമുള്ള സംശയങ്ങളാണ് പ്രദേശവാസികൾ ഉയർത്തുന്നത്. പരമ്പരാഗത ക്രിസ്ത്യൻ ആചാരങ്ങൾ അനുസരിച്ച് മൃതദേഹങ്ങൾ ഇത്തരത്തിൽ പായയിൽ പൊതിഞ്ഞ് കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്യാറില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

അസ്വാഭാവിക സാഹചര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പള്ളി കമ്മിറ്റിയാണ് പൊലീസിനെ വിവരമറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ വ്യക്തമാക്കി.

കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞ് കണ്ടെത്തിയത് മൃതദേഹമാണെന്ന ശക്തമായ സംശയമുണ്ടെന്ന് വികാരി പറഞ്ഞു. ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ശ്മശാന നടപടികളല്ല ഇവിടെ നടന്നിട്ടുള്ളത്. മുൻപ് മറ്റെവിടെയെങ്കിലും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നിയമവിരുദ്ധമായി ആരും അറിയാതെ കല്ലറയ്ക്കുള്ളിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച മൃതദേഹമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ പൊലീസിന്റെ അന്വേഷണത്തോട് പള്ളി അധികൃതരും കമ്മിറ്റിയും പൂർണമായി സഹകരിക്കുമെന്നും വികാരി അറിയിച്ചു.

സംഭവസ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി കല്ലറയിൽ കൂടുതൽ പരിശോധന നടത്തും. റവന്യൂ ഉദ്യോഗസ്ഥരുടെയും മെഡിക്കൽ സംഘത്തിന്റെയും സാന്നിധ്യത്തിൽ കല്ലറയിലെ വസ്തുക്കൾ പുറത്തെടുത്ത് വിശദമായ ഫോറൻസിക് പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

You may also like