Home Keralaകള്ളാടി ദുരന്തം; ‘വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അവർ, വികസന പദ്ധതി നിർത്തരുത്’ എന്ന് എം.വി. ഗോവിന്ദൻ

കള്ളാടി ദുരന്തം; ‘വിവരങ്ങൾ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ അവർ, വികസന പദ്ധതി നിർത്തരുത്’ എന്ന് എം.വി. ഗോവിന്ദൻ

by news_desk1
0 comments

വയനാട്: തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻപ് എന്തെങ്കിലും വിവരങ്ങൾ മറച്ചുവെച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അന്നത്തെ സർക്കാരിനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വിവരങ്ങൾ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കിൽ അതിന് അവരോടാണ് മറുപടി ചോദിക്കേണ്ടതെന്നും ഇതിൽ സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളാടി മണ്ണിടിച്ചിൽ നടന്ന സ്ഥലം പ്രതിപക്ഷ നേതാവ് പിണറായി വിജയനൊപ്പം സന്ദർശിച്ച ശേഷമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇതുവരെ അഞ്ച് പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ളവർ നൽകിയ ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് നൽകിയ റിപ്പോർട്ടുകളിൽ എന്തെങ്കിലും വീഴ്ചകളോ അപാകതകളോ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കള്ളാടിയിലുണ്ടായത് അതിശക്തമായ മലയിടിച്ചിലാണെന്നും, മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരത്തിൽ വലിയ തോതിൽ മലയിടിഞ്ഞുവരുമ്പോൾ അതിനെ തടഞ്ഞുനിർത്താൻ സാധാരണ സംരക്ഷണഭിത്തികൾക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കള്ളാടിയിലുണ്ടായത് വലിയൊരു പ്രകൃതിദുരന്തമാണെന്നും, ഇനി മുന്നോട്ടുപോകുമ്പോൾ എല്ലാ വശങ്ങളും കൃത്യമായി പഠിച്ചശേഷം മാത്രമേ നടപടികൾ സ്വീകരിക്കാവൂ എന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ, ഈ ദുരന്തത്തിന്റെ പേരിൽ തുരങ്കപാത പോലുള്ള വലിയ വികസന പദ്ധതികൾ പൂർണമായും നിർത്തിവെക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You may also like