ആലപ്പുഴ: നടൻ വിനായകനെതിരെ രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇന്നലെ വിനായകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആലപ്പുഴ മാവേലിക്കര പൊലീസാണ് കേസ് എടുത്തത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴയിൽ നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ, പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷൻ നിർദേശം നൽകിയതോടെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചുവെന്നാണ് പരാതി. ഇതിനെ തുടർന്നാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

