Home Nationalചില്ലറയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടത് ഗതാഗത മന്ത്രിയെ തന്നെ; സർപ്രൈസ് പരിശോധനയിൽ ഞെട്ടിക്കുന്ന അനുഭവം

ചില്ലറയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടത് ഗതാഗത മന്ത്രിയെ തന്നെ; സർപ്രൈസ് പരിശോധനയിൽ ഞെട്ടിക്കുന്ന അനുഭവം

by news_desk1
0 comments

ബെംഗളൂരു: ചില്ലറയില്ലെന്ന കാരണത്താൽ സാക്ഷാൽ ഗതാഗത മന്ത്രിയെ തന്നെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവമാണ് ബെംഗളൂരുവിൽ നടന്നത്. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനായി കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സംഭവം.

സാധാരണ യാത്രക്കാരനെപ്പോലെ മാസ്ക് ധരിച്ചാണ് മന്ത്രി ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസിൽ കയറിയത്. രണ്ട് ടിക്കറ്റുകൾക്കായി 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകിയെങ്കിലും ചില്ലറ നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കൈവശം ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞതോടെ, തന്റെയും കൈവശം ചില്ലറയില്ലെന്നും കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്നും കണ്ടക്ടർ അറിയിച്ചു.

മാസ്ക് ധരിച്ചിരുന്നതിനാൽ യാത്രക്കാരൻ ഗതാഗത മന്ത്രിയാണെന്ന് കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. തർക്കത്തിന് നിൽക്കാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.

ശനിയാഴ്ച രാത്രി 7.10 മുതൽ 9.10 വരെ ജയമഹൽ, ടി.വി. ടവർ, ആർ.ടി. നഗർ, സി.ബി.ഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ തുടങ്ങി വിവിധ റൂട്ടുകളിലായിരുന്നു മന്ത്രി സർപ്രൈസ് പരിശോധന നടത്തിയത്.

ബസിൽ നിന്ന് ഇറങ്ങിയ ശേഷം നാഗഷെട്ടിഹള്ളിയിൽ നിന്ന് മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. യാത്ര അവസാനിച്ചപ്പോൾ മീറ്ററിൽ 30 രൂപയായിരുന്നെങ്കിലും ഡ്രൈവർ 36 രൂപ ആവശ്യപ്പെട്ടു. കൂടുതൽ തുക ആവശ്യപ്പെട്ടതിന്റെ കാരണം ചോദിച്ചപ്പോൾ മീറ്റർ പുതുക്കാനുണ്ടെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. ഒടുവിൽ 40 രൂപ നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.

You may also like