പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. കൃത്യം നടന്നതിന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്.
ബി.എൻ.എസ് വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാവിധിക്ക് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്നായിരുന്നു ചെന്താമരയുടെ മറുപടി. കേസിൽ ശിക്ഷ ജൂലൈ 15ന് പ്രഖ്യാപിക്കും.
പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. ജൂലൈ 6ന് വിധി പറയാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിധി മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമ വാദം ജൂൺ 30ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി നാലിൽ പൂർത്തിയായിരുന്നു.
അതേസമയം, ചെന്താമരയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് കേസിലെ സാക്ഷിയായ പുഷ്പ ആവശ്യപ്പെട്ടു. ചെന്താമര പുറത്തിറങ്ങിയാൽ തന്നെയും സജിതയുടെ മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, അയാൾ ജാമ്യത്തിൽ പുറത്തിറങ്ങില്ലെന്ന് ഉറപ്പായാൽ മാത്രമേ താൻ നാട്ടിലേക്ക് മടങ്ങുകയുള്ളൂവെന്നും അവർ പ്രതികരിച്ചു.
2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. അയൽവാസികളായ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ചെന്താമര ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ ഇരട്ടക്കൊലപാതകം നടത്തിയത്. സജിത വധക്കേസിൽ ചെന്താമര നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

