തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായി മന്ത്രി പറഞ്ഞു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) അടിസ്ഥാനത്തിലുള്ള യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചത്. ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു. ഇതോടെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 87 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആകെ യാത്രക്കാരിൽ സ്ത്രീകളുടെ പങ്കാളിത്തം 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി ഉയർന്നതായും മന്ത്രി പറഞ്ഞു.
ഓർഡിനറിയും സൂപ്പർ ക്ലാസ് സർവീസുകളും ചേർത്ത് പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി വർധിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 28.9 ശതമാനം വർധനവാണ് ഉണ്ടായത്. ഇത് നിലവിലുള്ള യാത്രക്കാരുടെ മാറ്റമല്ല, മറിച്ച് പൊതുഗതാഗതത്തിലേക്ക് പുതിയ യാത്രക്കാരെ ആകർഷിക്കാൻ പദ്ധതിക്ക് കഴിഞ്ഞതിന്റെ തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ഏതാണ്ട് സ്ഥിരത പുലർത്തുകയാണെന്നും, വനിതാ യാത്രക്കാരുടെ വർധന മറ്റ് യാത്രക്കാരെ ഒഴിവാക്കിക്കൊണ്ടല്ല സാധ്യമായതെന്നും മന്ത്രി വ്യക്തമാക്കി. അധികമായി എത്തിയ യാത്രക്കാരെ നിലവിലെ സർവീസ് ശൃംഖലയിൽ തന്നെ ഉൾക്കൊള്ളാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പദ്ധതി ഒരു സൗജന്യ യാത്രാ പദ്ധതി മാത്രമല്ലെന്നും, കേരളത്തിലെ സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തിന്റെയും സാമ്പത്തിക പങ്കാളിത്തത്തിന്റെയും അടിത്തറയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രതിദിനം അഞ്ചര ലക്ഷത്തിലധികം അധിക യാത്രക്കാർ കെ.എസ്.ആർ.ടി.സി ബസുകൾ ഉപയോഗിക്കുന്നുവെന്നത് പൊതുഗതാഗതത്തോടുള്ള ജനവിശ്വാസത്തിന്റെ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

