ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്.
കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും സുപ്രധാന ചുമതലകൾ വിജയകരമായി നിർവഹിച്ച ശേഷമാണ് ഡോ. അനീസിന് ഈ നിർണായക നിയമനം ലഭിച്ചത്.
ഇന്ത്യ-പാകിസ്താൻ അതിർത്തി വഴി രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന മാഫിയാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ഡോ. അനീസ് ശ്രദ്ധേയനാണ്. അതിർത്തി മേഖലയിൽ നടന്ന നിരവധി വൻ ലഹരിമരുന്ന് വേട്ടകൾക്ക് അദ്ദേഹം നേരിട്ട് നേതൃത്വം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ബ്രിക്സ്, ബിംസ്റ്റെക്, ആസിയാൻ, കൊളംബോ സെക്യൂരിറ്റി കൗൺസിൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഡോ. അനീസിന്റെ നേതൃത്വത്തിൽ കസ്റ്റംസ് കെ-9 സ്ക്വാഡുകൾ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നടത്തിയ പരിശോധനകളിൽ 600 കിലോഗ്രാമിലധികം മാരക ലഹരിവസ്തുക്കൾ പിടികൂടിയതും ശ്രദ്ധേയമായ നേട്ടമാണ്.
മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഡോ. സി. അനീസ്, കാലിക്കറ്റ് സർവകലാശാല മുൻ ഡെപ്യൂട്ടി രജിസ്ട്രാർ മൊയ്തുക്കുട്ടി സി.-യുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനാണ്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിൽ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന ഡോ. അനി അനീസാണ് ഭാര്യ.
രാജ്യത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരായ എൻസിബിയുടെ പ്രവർത്തനങ്ങൾക്ക് ഡോ. സി. അനീസിന്റെ അനുഭവസമ്പത്ത് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

