Home Keralaസംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം

സംസ്ഥാന കോൺഗ്രസ് മൂന്ന് മാസമായി നിശ്ചലം; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി, ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യം

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് നിശ്ചലമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി എല്ലാ തലങ്ങളിലും പ്രവർത്തനരഹിതമാണെന്ന ഗുരുതര വിമർശനവുമായി അദ്ദേഹം രംഗത്തെത്തി. മുഴുവൻ സമയ അധ്യക്ഷനെയാണ് പാർട്ടിക്ക് ആവശ്യമെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

‘വൺ മാൻ വൺ പോസ്റ്റ്’ എന്ന നിലപാടാണ് പാർട്ടിക്ക് വേണ്ടതെന്നും എംപിമാരെയും എംഎൽഎമാരെയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നുമുള്ള സൂചനയാണ് മുല്ലപ്പള്ളിയുടെ പ്രതികരണത്തിലുള്ളത്. മന്ത്രിയായ സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ പദവിയും ഒരേസമയം വഹിക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

ദളിത് പ്രസിഡന്റാണ് വേണ്ടതെന്ന കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അർഹതയുള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. എല്ലാ കാലത്തും കോൺഗ്രസ് ബഹുസ്വരതയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താഴെത്തട്ടിൽ പോലും പാർട്ടി പ്രവർത്തനം നടക്കുന്നില്ലെന്നും അധികാരത്തിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നുമുള്ള വിമർശനമാണ് മുല്ലപ്പള്ളി ഉന്നയിക്കുന്നത്. പാർട്ടി നിശ്ചലമാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന മുതിർന്ന നേതാക്കളുടെ പൊതുവികാരമായാണ് വിലയിരുത്തപ്പെടുന്നത്.

വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തിയ സമയത്ത് തന്നെ സണ്ണി ജോസഫിന് പകരം മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന് നേതാക്കൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. സംസ്ഥാന നേതൃത്വത്തിന്റെ മെല്ലെപ്പോക്കാണ് ഇതിന് കാരണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

കെപിസിസി അധ്യക്ഷൻ മാത്രമല്ല, രണ്ട് വർക്കിങ് പ്രസിഡന്റുമാരും മന്ത്രിമാരാണ്. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനത്തിനായി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. പാർട്ടി പുനഃസംഘടനയും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും നടത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും പല നേതാക്കളുടെയും ശ്രദ്ധ അധികാരസ്ഥാനങ്ങളിലാണെന്നാണ് വിമർശനം.

ചില എംപിമാർ കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ‘വൺ മാൻ വൺ പോസ്റ്റ്’ എന്ന മുല്ലപ്പള്ളിയുടെ നിലപാട് ശ്രദ്ധേയമാകുന്നത്. മറ്റ് സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് അധ്യക്ഷ പദവി നൽകിയാൽ അത് കുട്ടിക്കളിയായി മാറുമെന്നും അദ്ദേഹം വിമർശിച്ചു. ഓണത്തിന് ശേഷം കെപിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കാനാണ് നീക്കം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും.

You may also like