Home Keralaസ്ത്രീവിരുദ്ധ പരാമർശം; വിശദീകരണവുമായി കാന്തപുരം നാളെ, കോഴിക്കോട് മീലാദ് സമ്മേളനത്തിൽ വിമർശനങ്ങൾക്ക് മറുപടി

സ്ത്രീവിരുദ്ധ പരാമർശം; വിശദീകരണവുമായി കാന്തപുരം നാളെ, കോഴിക്കോട് മീലാദ് സമ്മേളനത്തിൽ വിമർശനങ്ങൾക്ക് മറുപടി

by news_desk1
0 comments

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വിശദീകരിക്കാൻ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നാളെ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. വിവാദ പരാമർശത്തിൽ വ്യക്തത വരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്നലെ തൃശൂരിൽ നടന്ന സമ്മേളനത്തിൽ കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു.

സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല തങ്ങളെന്നും ഇസ്‌ലാം അങ്ങനെ പറയുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്കായി പ്രത്യേക മദ്രസകളും സ്കൂളുകളും സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികൾക്കായി നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാഥരായ പെൺകുട്ടികളെയും സംരക്ഷിക്കുന്നുണ്ടെന്നും ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ സൗജന്യമായി നൽകുന്നുണ്ടെന്നും കാന്തപുരം തൃശൂർ ജില്ലാ മീലാദ് സമ്മേളനത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു.

നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദമായത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയിലെ നിർദേശം.

പ്രസ്താവന വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇടത് സംഘടനകളാണ് ആദ്യം ഇതിനെതിരെ രംഗത്തെത്തിയത്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉൾപ്പെടെ വിവിധ സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചു. സ്ത്രീകൾ പൊതുവേദികളിൽ എത്തുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രതികരണം.

കാന്തപുരത്തിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയതും വിവാദമായി. മുഖ്യമന്ത്രിയുടെ വിമർശനം പദവിക്ക് യോജിച്ചതല്ലെന്ന് എപി വിഭാഗം എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം പ്രതികരിച്ചു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്തും ആവശ്യപ്പെട്ടു.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെച്ചൊല്ലി ഇടത് മുന്നണിയിലും ഭിന്നാഭിപ്രായം ഉയർന്നു. കാന്തപുരത്തെ ന്യായീകരിച്ച് കെ ടി ജലീലും ടി കെ ഹംസയും ഐഎൻഎൽ നേതാക്കളും രംഗത്തെത്തി. എന്നാൽ കാന്തപുരത്തെയും ലീഗിനെയും വിമർശിച്ചുകൊണ്ടായിരുന്നു സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം. കാന്തപുരത്തെ പിന്തുണച്ച ലീഗ് നേതാക്കളെ വിമർശിച്ച് സിപിഐ നേതാവ് ആനി രാജയും സിപിഐഎം നേതാവ് പി കെ ശ്രീമതിയും ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

You may also like