റിയാദ്: സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം. ജനവാസ, വാണിജ്യ മേഖലകൾക്ക് പുറമെ ദക്ഷിണ പ്രവിശ്യയിലെ ഊർജകേന്ദ്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും ലക്ഷ്യമിട്ടതായി സൗദി ഊർജമന്ത്രി സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ 73 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ സൗദിയിൽ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. സൗദിയുടെ പ്രമുഖ എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രങ്ങൾക്ക് പുറമെ വിമാനത്താവളങ്ങളും ആക്രമിച്ചിട്ടുണ്ടെന്നാണ് ഹൂതികളുടെ അവകാശവാദം.
അഭാ അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഖാലിദ് എയർബേസ്, അഭായിലെയും ജിസാനിലെയും അരാംകോ സൈറ്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായാണ് വിവരം. സൗദി–യെമൻ അതിർത്തിയോട് ചേർന്നാണ് ജിസാൻ അരാംകോ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഹൂതികളുടെ നിരവധി ആക്രമണങ്ങൾ നേരിട്ടിട്ടുള്ള സൗദിയിലെ പ്രധാന വ്യവസായ കേന്ദ്രം കൂടിയാണ് ജിസാൻ.
ജിസാനിലെ റിഫൈനറിയിൽ പ്രതിദിനം 4 ലക്ഷം ബാരൽ എണ്ണയാണ് ഉത്പാദിപ്പിക്കുന്നത്. എണ്ണയ്ക്ക് പുറമെ ഗാസോലിൻ, അൾട്രാ ലോ സൾഫർ ഡീസൽ, മറ്റ് ശുദ്ധീകരിച്ച ഉത്പന്നങ്ങൾ എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയും ഊർജകേന്ദ്രങ്ങളും വലിയ സമ്മർദം നേരിടുകയാണ്. യുഎസ്–ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സ്തംഭിച്ചതോടെ ചെങ്കടലിലും പ്രശ്നങ്ങൾ ഉടലെടുത്തു.
2022 മുതൽ വലിയ തോതിലുള്ള പോരാട്ടങ്ങൾ നിയന്ത്രിച്ചിരുന്ന വെടിനിർത്തൽ കരാർ തകർന്നതിനു പിന്നാലെ ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹൂതികൾ സൗദിക്കെതിരെ ആക്രമണം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
