തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് സർക്കാർ ബോർഡ്-ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന ആവശ്യവുമായി ദേശീയ വിവരാവകാശ കൂട്ടായ്മ. അൻവറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് കൂട്ടായ്മ നിവേദനം നൽകിയത്.
പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽനിന്ന് പണം തട്ടിയതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്ന തരത്തിൽ തടയണ നിർമിച്ചതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ അൻവറിനെതിരെയുണ്ടെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സർക്കാർ സ്ഥാനങ്ങൾ നൽകരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഇക്കാര്യം സംബന്ധിച്ച് നിവേദനം നൽകിയതായി ദേശീയ വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
