Home Keralaടി.പി. ചന്ദ്രശേഖരൻ വധം; സിപിഐഎം തെറ്റ് ഏറ്റുപറയുമോ, കെ.കെ. രമ

ടി.പി. ചന്ദ്രശേഖരൻ വധം; സിപിഐഎം തെറ്റ് ഏറ്റുപറയുമോ, കെ.കെ. രമ

by news_desk1
0 comments

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ സമൂഹത്തോട് ഏറ്റുപറയാൻ സിപിഐഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെ.കെ. രമ എംഎൽഎ. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്.

നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ വിരൽചൂണ്ടിയെന്ന ഒരൊറ്റ കുറ്റത്തിനാണ് സിപിഐഎം നേതാക്കൾ ഗൂഢാലോചന നടത്തി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് രമ ആരോപിച്ചു. നേതൃത്വത്തിന്റെ അഴിമതിക്കും നയവഞ്ചനകൾക്കുമെതിരെ വി.എസ്. അച്യുതാനന്ദൻ, വിജയൻ മാഷ് തുടങ്ങിയവർ നടത്തിയ രാഷ്ട്രീയ സമരങ്ങളെ പിന്തുണച്ചതിനും നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ നിലപാടെടുത്തതിനുമാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്നും അവർ പറഞ്ഞു. നേതൃത്വത്തിന്റെ രാഷ്ട്രീയ, സംഘടനാപരമായ തെറ്റുകൾ തിരുത്താനെന്ന പേരിൽ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി ഇക്കാര്യം ഏറ്റുപറയണമെന്നും രമ ആവശ്യപ്പെട്ടു.

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ ഡിവൈഎഫ്‌ഐ മുൻ നേതാവ് മനു തോമസും രംഗത്തെത്തി. പാർട്ടി ഭരണഘടന പ്രകാരം ‘വിപുലീകൃത സംസ്ഥാന സമിതി’ എങ്ങനെ രൂപീകരിച്ചുവെന്ന് ഭരണഘടനാ പാണ്ഡിത്യ പ്രമുഖർ വ്യക്തമാക്കട്ടെയെന്നായിരുന്നു പരിഹാസം. ഇതിനെ കമ്മിറ്റി എന്ന് വിളിക്കുന്നതിനേക്കാൾ സംയുക്ത യോഗമെന്ന് വിളിക്കുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഭരണഘടന പ്രകാരം ഒരു ഘടകത്തിന്റെ സംയുക്ത യോഗം നടത്താൻ വ്യവസ്ഥയില്ലെന്നും സെമിനാർ നടത്തുന്നതിന്റെ മൂഡിൽ കണ്ടാൽ മതിയെന്നും മനു തോമസ് പരിഹസിച്ചു. കനത്ത പരാജയങ്ങളിൽ നിന്ന് ആർക്കും സമനില തെറ്റാം, സ്വാഭാവികമാണ്; അതാണ് കോഴിക്കോട്ട് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൊണ്ട് മൂന്ന് കോടി രൂപ വിപുലീകൃതമാകുമെന്നും ‘പിണറായി ഫാൻസ് ക്ലബ്ബിന്റെ ശക്തിപ്രകടനത്തിലേക്ക് ഏവർക്കും സ്വാഗതം’ എന്നും മനു തോമസ് പരിഹസിച്ചിരുന്നു.

You may also like