Home Keralaപത്മ കഫേ ഉദ്ഘാടനത്തിൽ സുകുമാരൻ നായരില്ല; ഗണേഷ് കുമാർ വിവാദം ചർച്ചയാകുമ്പോൾ വിട്ടുനിൽക്കലിന് ആരോഗ്യകാരണവുമായി വിശദീകരണം

പത്മ കഫേ ഉദ്ഘാടനത്തിൽ സുകുമാരൻ നായരില്ല; ഗണേഷ് കുമാർ വിവാദം ചർച്ചയാകുമ്പോൾ വിട്ടുനിൽക്കലിന് ആരോഗ്യകാരണവുമായി വിശദീകരണം

by news_desk1
0 comments

കൊല്ലം: പുനലൂർ പത്മ കഫേയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിട്ടുനിന്നു. പകരം എൻഎസ്എസ് രജിസ്ട്രാർ ഡോ. കെ. ബി. ജഗദീഷ് ഉദ്ഘാടനം നിർവഹിച്ചു. കെ. ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സുകുമാരൻ നായരുടെ പിന്മാറ്റം ശ്രദ്ധ നേടുന്നത്.

സുകുമാരൻ നായർ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാലാണെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ ഗണേഷ് കുമാർ എൻഎസ്എസ് താലൂക്ക് പ്രസിഡന്റായിരുന്ന കാലത്താണ് പത്മ കഫേയ്ക്കുള്ള കെട്ടിടം നിർമിച്ചത്. നിലവിലെ ഉദ്ഘാടനച്ചടങ്ങിലേക്ക് ഗണേഷ് കുമാറിന് ക്ഷണമുണ്ടായിരുന്നില്ല. അതേസമയം, പത്മ കഫേ യാഥാർഥ്യമാക്കിയ ഗണേഷ് കുമാറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പത്മ കഫേയുടെ ഉദ്ഘാടനവിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗണേഷ് കുമാർ നേരത്തെ പ്രതികരിച്ചിരുന്നു. താൻ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായിരുന്ന സമയത്ത് തന്നെ പത്മ കഫേയുടെ നിർമാണം പൂർണമായും പൂർത്തിയാക്കിയിരുന്നുവെന്നും ഇപ്പോഴെങ്കിലും ഉദ്ഘാടനം നടക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

പത്മ കഫേയുടെ നിർമാണത്തിനായി ചെലവഴിച്ച യഥാർഥ തുക എത്രയാണെന്ന് രണ്ട് ദിവസം മുൻപ് പ്രാദേശിക മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ബാങ്ക് രേഖകളുടെ ആധികാരികതയോടെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഈ കണക്കുകൾ മറച്ചുവച്ചാണ് തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വ്യാജപ്രചാരണം നടത്തി രാഷ്ട്രീയ ഗൂഢാലോചന നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. സത്യവുമായി ബന്ധമില്ലാത്ത കണക്കുകൾ പ്രചരിപ്പിച്ച് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചശേഷം യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പൂർത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോൾ അഭിമാനബോധത്തോടെ ആശംസകൾ നേരുന്നുവെന്നും മുൻ മന്ത്രി പ്രതികരിച്ചിരുന്നു.

You may also like