ന്യൂഡൽഹി: 1971ൽ ബംഗ്ലദേശ് സ്വാതന്ത്ര്യം നേടിയിരുന്നില്ലെങ്കിൽ ജനങ്ങൾക്ക് ഇന്നും പാക്കിസ്ഥാൻ സൈന്യത്തിന്റെ അടിച്ചമർത്തലുകൾക്ക് കീഴിൽ കഴിയേണ്ടിവരുമായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം മായ്ച്ചുകളയാനും സ്വാതന്ത്ര്യസമര സേനാനികളെ ലക്ഷ്യമിട്ട് ആക്രമിക്കാനുമാണ് നിലവിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന ഹസീന, അവാമി ലീഗിന്റെ വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
ബംഗ്ലദേശിൽ കസ്റ്റഡി മരണങ്ങളും രാഷ്ട്രീയ പീഡനങ്ങളും വർധിക്കുകയാണെന്ന് ഹസീന ആരോപിച്ചു. തടവുകാർക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവരുന്നതായും ചികിത്സ നിഷേധിക്കപ്പെടുന്നതായും കുടുംബാംഗങ്ങളെ അറിയിക്കാതെ മരണങ്ങൾ സംഭവിക്കുന്നതായും അവർ പറഞ്ഞു. ജയിലുകളിലെ ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ധാക്കയിലെ രാംപുര, ബംഗ്ഷാൽ മേഖലകളിലടക്കം തടവുകാർക്ക് ബോധപൂർവം ചികിത്സ നിഷേധിക്കുന്നുണ്ടെന്നും ആരോപിച്ചു.
1971ലെ സ്വാതന്ത്ര്യസമര സേനാനിയായ ഷെയ്ഖ് ഹൊസൈൻ അലിയെ മൈമെൻസിങ്ങിലെ ധുബൗറയിൽ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തെയും ഹസീന അപലപിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ ഇല്ലാതാക്കാനും സ്വാതന്ത്ര്യത്തിന്റെ അടയാളങ്ങൾ തകർക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കമെന്നും അവർ കുറ്റപ്പെടുത്തി. രാജ്യം സ്വതന്ത്രമായിരുന്നില്ലെങ്കിൽ ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നില്ലെന്നും പാക്കിസ്ഥാൻ സൈന്യത്തിന്റെ അടിച്ചമർത്തലുകൾക്ക് കീഴിൽ കഴിയേണ്ടിവരുമായിരുന്നുവെന്നും ഹസീന പറഞ്ഞു. പിതാവും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാൻ ജീവിച്ചിരുന്നെങ്കിൽ സ്വാതന്ത്ര്യം നേടി പത്തുവർഷത്തിനകം ബംഗ്ലദേശ് വികസിത രാഷ്ട്രമായി മാറുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
