ഹരാരെ. ലോക ക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് ഇന്ത്യയുടെ കൗമാരപ്പട അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ടു. സിംബാബ്വെയിലെ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ ആറാം ലോകകിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം തോൽവി അറിയാതെ കുതിച്ച ഇന്ത്യൻ ടീം, ഫൈനലിലും അപ്രമാദിത്വം നിലനിർത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്സാണ്. വെറും 80 പന്തുകളിൽ നിന്ന് 175 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി, അണ്ടർ 19 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. വൈഭവിനൊപ്പം ക്യാപ്റ്റൻ ആയുഷ് മാത്രെ അർധസെഞ്ചുറിയുമായി മികച്ച പിന്തുണ നൽകി. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന പടുകൂറ്റൻ സ്കോറാണ് ഇന്ത്യ അടിച്ചെടുത്തത്.
412 റൺസ് എന്ന ഹിമാലയൻ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി കാലേബ് ഫാൽകോണർ (115) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പന്തേറിന് മുന്നിൽ ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടിആർ.എസ്. അംബരീഷ് 3 വിക്കറ്റ്, കനിഷ്ക് ചൗഹാൻ ദീപേഷ്ദേവേന്ദ്രൻ 2 വിക്കറ്റ് വീതം നേടി , പ്ലെയർ ഓഫ് ദി മാച്ച് &പ്ലെയർ ഓഫ് ദി ടൂർണമെന്റ് ആയി വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തു
ഈ വിജയത്തോടെ 2000, 2008, 2012, 2018, 2022 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ആറാം തവണ ലോകചാമ്പ്യന്മാരായി.യുവനിരയുടെ ഈ ചരിത്രവിജയത്തിൽ പ്രധാനമന്ത്രിയും മുൻ താരം വിരാട് കോഹ്ലിയും ഉൾപ്പെടെയുള്ള പ്രമുഖർ ടീമിനെ അഭിനന്ദിച്ചു. വരാനിരിക്കുന്ന സീനിയർ ക്രിക്കറ്റിലേക്ക് ഇന്ത്യയുടെ കരുത്തുറ്റ ഭാവിവാഗ്ദാനങ്ങളാണ് ഈ ടീമിലൂടെ വളർന്നുവരുന്നത്.

