ആനന്ദം പദ്ധതി പാർക്കുകളിൽ ഒതുങ്ങരുത്
ജനജീവിതത്തിൽ മാറ്റമുണ്ടാക്കണം
1972-ൽ ഭൂട്ടാൻ ലോകത്തോട് പറഞ്ഞത് വികസനത്തിന്റെ അളവുകോൽ ജിഡിപിയുടെ കണക്കുകൾ മാത്രമല്ല, മനുഷ്യരുടെ സന്തോഷം കൂടിയാണെന്നാണ്. അന്ന് പുച്ഛത്തോടെ തള്ളിയ ആ ആശയത്തിന്റെ പ്രസക്തി ലോകം ഇന്ന് തിരിച്ചറിയുന്നു. കേരളവും ആ വഴിയിലേക്ക് ചുവടുവയ്ക്കുകയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ ‘ആനന്ദം’ എന്ന പുതിയ വിഭാഗവും ആംഫി കോർണറുകൾ, ഹാപ്പിനസ് സെന്ററുകൾ, ഹാപ്പിനസ് പാർക്കുകൾ തുടങ്ങിയ പദ്ധതികളും ഒരുക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണ്. എന്നാൽ, നല്ല ആശയത്തിന്റെ വിജയം അതിന്റെ പ്രഖ്യാപനത്തിലല്ല, ജനജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റത്തിലാണ്. ഒരുകാലത്ത് ഗ്രാമങ്ങളുടെ ഹൃദയമായിരുന്ന കടത്തിണ്ണകളും വായനശാലകളും നാട്ടുകൂട്ടായ്മകളും ഇന്ന് പല ഇടങ്ങളിലും അന്യമായിരിക്കുന്നു. വീടുകളുടെയും ഫ്ലാറ്റുകളുടെയും നാലുചുമരുകൾക്കുള്ളിലേക്ക് മനുഷ്യർ ചുരുങ്ങുമ്പോൾ യുവതലമുറ സ്ക്രീനുകളുടെ ലോകത്തേക്കും വയോജനങ്ങൾ ഏകാന്തതയിലേക്കും പിൻവാങ്ങുന്നു. ഒരുമിച്ചിരുന്ന് സംസാരിക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും സൗഹൃദങ്ങൾ പുതുക്കാനും കഴിയുന്ന പൊതുവിടങ്ങൾ സൃഷ്ടിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഉപയോഗശൂന്യമായ സ്ഥലങ്ങൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കാൻ കഴിയുമെങ്കിൽ അതും നല്ല കാര്യം. പക്ഷേ, സന്തോഷം സർക്കാർ ഉത്തരവിലൂടെ നടപ്പാക്കാനാകുമോ? റോഡിലെ കുഴികൾ അടയ്ക്കാനും കുടിവെള്ളമെത്തിക്കാനും പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ ഹാപ്പിനസ് പാർക്കുകൾക്ക് പണം എവിടെനിന്ന് കണ്ടെത്തും? വികസന ഫണ്ടുകളോ മാലിന്യസംസ്കരണത്തിനുള്ള തുകയോ വകമാറ്റിയാണോ പദ്ധതി നടപ്പാക്കുക? സർക്കാർ ഇതിൽ വ്യക്തത വരുത്തണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ചുകൊണ്ടുള്ള സന്തോഷപദ്ധതി സ്വയം വിരുദ്ധമാണ്. വൈഫൈയും സംഗീതവേദിയും സെൽഫി കോർണറും ഉണ്ടാകുന്നതാണോ സന്തോഷം? അതോ ഭക്ഷണം, തൊഴിൽ, ചികിത്സ, മരുന്ന്, പെൻഷൻ, സാമ്പത്തിക സുരക്ഷ എന്നിവ ഉറപ്പാകുമ്പോഴാണോ മനുഷ്യർക്ക് സമാധാനത്തോടെ ജീവിക്കാനാകുന്നത്? ഇവ രണ്ടും ആവശ്യമാണ്. എന്നാൽ അടിസ്ഥാന സുരക്ഷിതത്വമില്ലാത്ത ജീവിതത്തിൽ വിനോദസൗകര്യങ്ങൾ മാത്രം സന്തോഷം ഉറപ്പാക്കില്ല. തൊഴിലില്ലായ്മ, കടബാധ്യത, ലഹരി ഉപയോഗം, കുടുംബബന്ധങ്ങളിലെ തകർച്ച, മാനസിക സമ്മർദം, വയോജനങ്ങളുടെ ഒറ്റപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളെക്കൂടി അഭിമുഖീകരിക്കണം. പുതിയ പദ്ധതികളുടെ ‘ഹാപ്പിനസ് ഇംപാക്ട്’ വിലയിരുത്തുമെന്ന പ്രഖ്യാപനം പ്രസക്തമാണ്. എന്നാൽ അതിന്റെ മാനദണ്ഡം എന്തായിരിക്കും? നിർമിച്ച പാർക്കുകളുടെയും ചെലവഴിച്ച തുകയുടെയും കണക്കുകൾക്കപ്പുറം ജനങ്ങളുടെ അനുഭവങ്ങളും സാമൂഹിക ബന്ധങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മാനസിക ക്ഷേമവും വിലയിരുത്തണം. പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം. ഭൂട്ടാന്റെയും മധ്യപ്രദേശിന്റെയും മാതൃകകൾ പഠിക്കാം. എന്നാൽ കേരളത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾക്കനുസരിച്ച് അവയെ രൂപപ്പെടുത്തണം. സന്തോഷം വിതരണം ചെയ്യേണ്ട ഉൽപ്പന്നമല്ല; അത് കണ്ടെത്താനും പങ്കിടാനും വളർത്താനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ചുമതല. ജനങ്ങൾക്ക് ഒത്തുകൂടാനും പരസ്പരം കേൾക്കാനും കൂട്ടായ്മകളിലൂടെ ജീവിതത്തെ സമ്പന്നമാക്കാനും അവസരമൊരുക്കണം. ആനന്ദം പദ്ധതി കരാറുകാർക്ക് പാർക്കുകൾ നിർമിക്കാനുള്ള മറ്റൊരു പദ്ധതിയായി ചുരുങ്ങരുത്. ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരെ പങ്കാളികളാക്കുകയും വേണം. സാമ്പത്തിക സുരക്ഷയ്ക്കൊപ്പം സാമൂഹിക ബന്ധങ്ങളും മാനസിക ക്ഷേമവും ഉറപ്പാക്കുന്ന വിശാലമായ കാഴ്ചപ്പാടാണ് പദ്ധതിക്കുണ്ടാകേണ്ടത്.
വികസനത്തിന്റെ യഥാർഥ അളവുകോൽ നിർമിച്ച കെട്ടിടങ്ങളുടെ എണ്ണമല്ല; അവയ്ക്കിടയിൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന മനുഷ്യരുടെ ജീവിതമാണ്.
