ന്യൂഡൽഹി: തിരംഗ മാർച്ചിനിടെയുണ്ടായ പൊലീസ് നടപടികൾക്കു പിന്നാലെ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ചു. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേഹയെ 14 മണിക്കൂറിനു ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. ആർ.കെ. പുരം പൊലീസ് സ്റ്റേഷനിലായിരുന്നു നേഹയെന്നും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് വിട്ടയച്ചതെന്നും പൊലീസ് അറിയിച്ചു. അതേസമയം, സിജെപി നേതാവ് അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്.
ദീപ്കെയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയെങ്കിലും അദ്ദേഹം ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തേ അറസ്റ്റ് ചെയ്തപ്പോൾ ക്രമസമാധാനം തകർക്കുന്ന നടപടികളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയിലാണ് ദീപ്കെയെ വിട്ടയച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ നീക്കം.
കോണാട്ട് പ്ലേസിൽ ദേശീയ പതാകയേന്തിയുള്ള തിരംഗ മാർച്ചിന് കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ദീപ്കെയെ വസതിക്കു പുറത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധിച്ച് മണ്ഡി ഹൗസിലെത്തിയ നേഹ ബോറയെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരംഗ മാർച്ച് നടത്തരുതെന്നും അത് നിയമലംഘനമാകുമെന്നും ചൂണ്ടിക്കാട്ടി പൊലീസ് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ദേശീയ പതാകയുമായി രാജ്യത്ത് പൗരന്മാർക്ക് റാലി നടത്താൻ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു അറസ്റ്റിന് മുമ്പ് ദീപ്കെയുടെ പ്രതികരണം.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കേരളത്തിലും തുടരുകയാണ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 24 മണിക്കൂർ ജന്തർ മന്തർ സമരം ഇന്ന് ആരംഭിക്കും. വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമരം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 18ന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
