മലപ്പുറം: പിറന്നാൾ ദിനത്തിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. ആ നിമിഷങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഫർഹാനയുടെയും ഭർത്താവ് അസ്ലമിന്റെയും മരണവാർത്തയെത്തി. ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ താമസിച്ചിരുന്ന കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം നെടിയിരുപ്പ് കാരിമുക്ക് വെള്ളാരത്തൊടി കെ. ഫർഹാന (28) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഫർഹാനയെ തറയിൽ മരിച്ചനിലയിലും അസ്ലമിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയതാണോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു ഫർഹാനയുടെ 28-ാം പിറന്നാൾ. ഇരുവരും പുറത്തുപോയി ഭക്ഷണം കഴിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫർഹാന സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കംപ്യൂട്ടർ എൻജിനിയറായ ഫർഹാന സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.
2023ലാണ് ഇരുവരും വിവാഹിതരായത്. ഒന്നരവർഷത്തോളം ബെംഗളൂരുവിൽ താമസിച്ചശേഷം മൂന്നുമാസം മുമ്പാണ് ഗുരുഗ്രാമിലേക്ക് മാറിയത്. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ അസ്ലം ജോലി ചെയ്തുവരികയായിരുന്നു. ഫർഹാന വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ഇരുവരും സന്തോഷകരമായ കുടുംബജീവിതം നയിച്ചിരുന്നവരാണെന്നും ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ജോലി സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അസ്ലം മാനസിക സമ്മർദത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. എന്നാൽ മരണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ.
മരിക്കുന്നതിന് മുമ്പ് അസ്ലം ജോലി ചെയ്തിരുന്ന കമ്പനിക്ക് ഇ-മെയിൽ വഴി അയച്ച കുറിപ്പാണ് അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്ന്. മാതാപിതാക്കളുടെയും വീട്ടുടമയുടെയും ഫോൺ നമ്പറുകളും ഇ-മെയിലിൽ നൽകിയിരുന്നു. ഇതേത്തുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽനിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ ആർക്കെതിരെയും ആരോപണങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. രണ്ട് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഫ്ലാറ്റിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
