Home Kerala23-ന് ഇഡി ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകില്ലെന്ന് സൂചന

23-ന് ഇഡി ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകില്ലെന്ന് സൂചന

by news_desk1
0 comments

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യലിന് ഒക്ടോബർ 23-ന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായി വിജയന് ലഭിച്ച നിയമോപദേശമെന്ന് റിപ്പോർട്ട്. കോടതി നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അസൗകര്യം അറിയിക്കാമെന്നാണ് അഭിഭാഷക സംഘത്തിന്റെ നിർദേശം. അതേസമയം, ഇഡി അയച്ച സമൻസ് പിണറായി വിജയന് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമുണ്ടാകുന്നതുവരെ ഇഡി ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നതിലെ അസൗകര്യം അറിയിക്കാനാണ് നിലവിലെ നീക്കമെന്നാണ് വിവരം.

മുൻകൂർ ജാമ്യാപേക്ഷ നൽകേണ്ടതുണ്ടോയെന്നും അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടോയെന്നും അഭിഭാഷക സംഘം പരിശോധിച്ചിട്ടുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടേണ്ടതില്ലെന്നാണ് പിണറായി വിജയന് നൽകിയിരിക്കുന്ന നിയമോപദേശം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളാണ് ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയന് പുറമെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും കേസെടുത്തിട്ടുണ്ട്. വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതിന്റെ തുടർച്ചയായാണ് ഇഡിയുടെ നടപടി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിനുള്ള നിയമപരമായ അടിസ്ഥാനമായി അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ ആവശ്യമായ സാഹചര്യത്തിൽ, വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളോടെ ഇഡിക്ക് മുന്നിലുണ്ടായിരുന്ന നിയമതടസ്സം നീങ്ങിയെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കോടതിയിലെയും അന്വേഷണ ഏജൻസിയിലെയും നടപടികൾ കേസിന്റെ തുടർഗതി നിർണയിക്കും.

You may also like