കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ ‘രാമൻ’ എന്ന ആനയെ തിരികെ നൽകിയില്ലെന്ന പരാതിയിൽ തൃശൂർ അമ്പല്ലൂർ സ്വദേശി കൃഷ്ണൻകുട്ടിക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി. കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണൻകുട്ടി നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
ആനയെ മഠത്തിന് തിരികെ നൽകിയില്ലെന്ന് ആരോപിച്ച് മഠത്തിലെ അന്തേവാസിയായ ആലപ്പുഴ സ്വദേശി ജയകൃഷ്ണ മേനോൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
1999ൽ കെ.വി. സദാനന്ദൻ എന്നയാളാണ് രാമൻ എന്ന ആനയെ മഠത്തിന് നൽകിയത്. എന്നാൽ, ആനയിൽ പതിവായി മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മഠം അധികൃതർ ആനയെ സദാനന്ദന് തിരികെ കൈമാറി. പിന്നീട് ആനയുടെ പരിപാലനച്ചുമതല സദാനന്ദൻ കൃഷ്ണൻകുട്ടിയെ ഏൽപ്പിക്കുകയായിരുന്നു.
ആനയെ മഠത്തിന് തിരികെ നൽകിയില്ലെന്ന പരാതിയെത്തുടർന്ന് ഉടമസ്ഥാവകാശ തർക്കം സിവിൽ കോടതിയിലെത്തി. ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം സിവിൽ കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന് വിലയിരുത്തിയാണ് എഫ്.ഐ.ആറും തുടർനടപടികളും കോടതി റദ്ദാക്കിയത്.
