Home Keralaകിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് തോമസ് ഐസക്

കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് തോമസ് ഐസക്

by news_desk1
0 comments

കണ്ണൂർ: കിഫ്ബിയുടെ സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കൃത്യമായ ബദൽ മുന്നോട്ടുവയ്ക്കാതെയാണ് വിമർശനങ്ങൾ ഉയരുന്നതെന്നും മുൻ ധനമന്ത്രി തോമസ് ഐസക്. കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത് വികസന കാഴ്ചപ്പാടോടെയാണെന്നും കിഫ്ബിയുടെ ആകെ ഫണ്ട് ഏകദേശം 24,000 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിൽ 10,000 കോടി രൂപ നിലവിൽ അക്കൗണ്ടിലുണ്ടെന്നാണ് ഐസക്കിന്റെ വിശദീകരണം. നികുതിവിഹിതമായി 7,000 കോടി രൂപയും വായ്പയായി അനുവദിച്ച 7,000 കോടി രൂപയും കൂടി ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിക്ക് തിരിച്ചടയ്ക്കാനുള്ള ബാധ്യതകളും പലിശച്ചെലവുമുണ്ടെന്നത് വസ്തുതയാണ്. എന്നാൽ ഇതിന്റെ പേരിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിഫ്ബിയെ വിമർശിക്കുന്നവർ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി പകരം എന്ത് സംവിധാനമാണ് നിർദേശിക്കുന്നതെന്ന് വ്യക്തമാക്കണം. കിഫ്ബിയെ തള്ളിക്കളയുന്നതിനു മുമ്പ് പ്രായോഗികമായ ബദൽ മാർഗങ്ങൾ അവതരിപ്പിക്കണമെന്നും ഐസക് ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സർക്കാരിന്റേതാണെന്നും അവ നടപ്പാക്കുകയാണ് കിഫ്ബി ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരം നിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ന്യായവിലയുടെ അഞ്ചിരട്ടി നഷ്ടപരിഹാരം നൽകിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയുടെ കൃത്യത തനിക്കറിയില്ലെന്നും ഐസക് പറഞ്ഞു. എന്നാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ സർക്കാരിന്റെ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോഴും ഇതേ നിയമവ്യവസ്ഥകൾ പ്രകാരമാണ് നഷ്ടപരിഹാരം തീരുമാനിച്ചതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

You may also like