തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതി സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റൂൾ 50 പ്രകാരം എൽഡിഎഫ് എംഎൽഎ എ.സി. മൊയ്തീനാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ഗാർഹിക ജോലികളുടെ മൂല്യം തിരിച്ചറിഞ്ഞ് മുൻ സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയാണിതെന്നും 14 ലക്ഷത്തോളം വരുന്ന പാവപ്പെട്ട സ്ത്രീകളുടെ ക്ഷേമ പദ്ധതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗത്തിൽ തീരുമാനങ്ങളെടുക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ മാത്രം വേഗതയില്ലാത്തത് എന്തുകൊണ്ടാണെന്ന് പരിഹസിച്ച മൊയ്തീൻ, സർക്കാരിന്റെ നിലപാട് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി.
എന്നാൽ, തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മുൻപ് യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് മുൻ സർക്കാർ ഈ പദ്ധതി നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും നിലവിലുള്ള പരാതികൾ കൃത്യമായി പരിശോധിക്കാതെ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിബദ്ധത ഉയർത്തിക്കാട്ടി മുഖ്യമന്ത്രി
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡങ്ങളോടെ തയ്യാറാക്കിയ പട്ടികയിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉദ്ഘാടനത്തിന് ഏറെ മുമ്പ് തന്നെ പദ്ധതിയുടെ ഔദ്യോഗിക നടപടികൾ ആരംഭിച്ചതാണെന്നും എ.സി. മൊയ്തീൻ മറുപടി നൽകി.
ഇതിന് മറുപടിയായി, പദ്ധതി നടപ്പാക്കുന്നതിൽ മുൻ സർക്കാരിന് യഥാർത്ഥ പ്രതിബദ്ധത ഉണ്ടായിരുന്നെങ്കിൽ കാലാവധി അവസാനിക്കുന്ന സമയത്താണോ അത് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശമ്പള പരിഷ്കരണ കമ്മീഷൻ ഉൾപ്പെടെ പല വിഷയങ്ങളിലും മുൻ സർക്കാർ ഇതേ രീതിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകൾക്കായി ‘പ്രിയദർശിനി സൗജന്യ യാത്ര’ പദ്ധതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കിയതാണ് നിലവിലെ സർക്കാരിന്റെ പ്രതിബദ്ധതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
“പത്ത് വർഷം അധികാരത്തിലിരുന്ന സർക്കാർ കാലാവധി തീരുമ്പോഴാണ് ഈ പദ്ധതി കൊണ്ടുവന്നത്. പ്രകടനപത്രികയിലെ കാര്യങ്ങൾ സർക്കാർ കാലാവധി അവസാനിക്കുമ്പോഴാണോ നടപ്പാക്കേണ്ടത്. സ്ത്രീകളുടെ കെഎസ്ആർടിസി സൗജന്യ യാത്ര ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ചു. പോകുന്ന പോക്കിൽ ശമ്പള കമ്മീഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ അടുത്ത സർക്കാരിന്റെ മേൽ കെട്ടിവയ്ക്കുകയായിരുന്നു. 16 മാസത്തെ ക്ഷേമ പെൻഷൻ ബാധ്യത ഈ സർക്കാരിന്റെ തലയിലാണ്. ഒരു സമിതിയും ഇല്ലാതെ ഏരിയ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും ചേർന്നാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സ്ത്രീകളോട് ഈ സ്നേഹം കാട്ടിയത്. വിശദമായി പഠിച്ച ശേഷമേ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ,” മുഖ്യമന്ത്രി വ്യക്തമാക്കി.
തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി നിഷേധിച്ചു.
“പാവപ്പെട്ടവരോട് വീറും വാശിയും കാണിക്കരുത്”
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
കെ-സ്മാർട്ട് സംവിധാനത്തിലൂടെയാണ് മുൻ സർക്കാർ അപേക്ഷകൾ സ്വീകരിച്ചതെന്നും തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ധനസഹായം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയെ പോലുള്ള ഒരാളിൽ നിന്ന് ഉണ്ടാകേണ്ട നിലപാടല്ലെന്നും പദ്ധതി തുടരുമെന്ന് ഇപ്പോഴും സർക്കാർ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“16 ലക്ഷം ഗുണഭോക്താക്കളുള്ള പദ്ധതിയാണിത്. പാവപ്പെട്ട സ്ത്രീകളോട് വീറും വാശിയും കാണിക്കരുത്,” എന്ന് ആവശ്യപ്പെട്ട അദ്ദേഹം, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മറ്റ് നടപടികളിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കി.

