ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി. കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ശ്രീകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്.
യാത്ര വൈകാൻ കാരണം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനത്തിലെ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രോട്ടോക്കോൾ ചുമതല ശ്രീകുമാറിനായിരുന്നു. അദ്ദേഹത്തിന് വീഴ്ച സംഭവിച്ചുവെന്ന് അഡീഷണൽ റസിഡന്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ വീഴ്ചയാണ് യാത്ര മുടങ്ങാൻ കാരണമായതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ന് ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്തിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
വിഐപി ലോഞ്ചിലുണ്ടായിരുന്ന പിണറായി വിജയനെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതെന്നാണ് റിപ്പോർട്ട്. തുടർന്ന് മണിക്കൂറുകൾ വൈകിയാണ് മറ്റൊരു വിമാനത്തിൽ പ്രതിപക്ഷ നേതാവ് യാത്ര തിരിച്ചത്.

