ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹ്രസ്വ തുരങ്കപാത പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പദ്ധതിയുടെ കല്ലിടൽ കർമ്മം നിർവഹിച്ചു. ഹെബ്ബാൾ ജങ്ഷനിൽ നിന്ന് മേക്രി സർക്കിൾ വരെയാണ് ആറുവരി തുരങ്കപാത നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയ്ക്ക് 1,139 കോടി രൂപയാണ് നിർമ്മാണച്ചെലവ് കണക്കാക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ.
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് തുരങ്കപാത പരിഹാരമാകില്ലെന്ന പ്രതിപക്ഷത്തിന്റെയും വിദഗ്ധരുടെയും വിമർശനങ്ങൾക്കിടയിലും സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതാണ് ശ്രദ്ധേയം. ബെംഗളൂരുവിലെ ആദ്യ തുരങ്കപാതയാണിത്.
ഹെബ്ബാൾ ജങ്ഷനിലെ ബെല്ലാരി റോഡിൽ നിന്ന് ആരംഭിക്കുന്ന പാത റെയിൽവേ പാലത്തിന് അടിയിലൂടെ, ഔട്ടർ റിങ് റോഡ് കടന്ന് വെറ്ററിനറി കോളേജ് ക്യാമ്പസിന് സമീപം എത്തിച്ചേരും. തുടർന്ന് അഗ്രികൾച്ചർ സയൻസസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിന് സമീപമാണ് അവസാനിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര സാധ്യമാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതിയുടെ നിർമ്മാണച്ചെലവ് വഹിക്കുന്നത്. ഇരു ദിശയിലും മൂന്ന് വരി വീതമുള്ള പാതയിൽ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററായിരിക്കും. നിലവിൽ തിരക്കേറിയ സമയങ്ങളിൽ ഈ റൂട്ട് പിന്നിടാൻ ഏകദേശം അരമണിക്കൂർ വേണ്ടിവരുമ്പോൾ, തുരങ്കപാത യാഥാർഥ്യമാകുന്നതോടെ രണ്ട് മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാമെന്നാണ് സർക്കാരിന്റെ അവകാശവാദം.
പാത ടോൾ രഹിതമായിരിക്കും. പരമ്പരാഗതമായ ‘കട്ട് ആൻഡ് കവർ’ രീതിയിലാണ് തുരങ്കം നിർമ്മിക്കുക. അടുത്ത രണ്ടാഴ്ചയ്ക്കകം നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകും.
അടുത്ത 50 വർഷത്തേക്കുള്ള ബെംഗളൂരു നഗരവികസന പദ്ധതികൾ തയ്യാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഹെബ്ബാളിൽ നിന്ന് സിൽക്ക് ബോർഡിലേക്കുള്ള തുരങ്കപാത പദ്ധതിയുടെ നിർദേശം സമർപ്പിച്ചതായും, അടുത്ത മൂന്നോ നാലോ വർഷത്തിനകം അത് പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഒന്നിലധികം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന തിരക്കേറിയ ഹെബ്ബാൾ ജങ്ഷനിൽ തുരങ്കപാതയുടെ നിർമ്മാണം കൂടി ആരംഭിക്കുന്നതോടെ വാഹനയാത്രക്കാർക്ക് കൂടുതൽ ഗതാഗത ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കും. നിലവിൽ നമ്മ മെട്രോയുടെ ബ്ലൂ ലൈൻ, ഡബിൾ ഡക്കർ ഫ്ലൈഓവർ, സബർബൻ റെയിൽ എന്നിവയുടെ നിർമ്മാണവും ഈ മേഖലയിലാണ് പുരോഗമിക്കുന്നത്.

