തൃശൂർ: കവിത മനുഷ്യന് പ്രദാനം ചെയ്യേണ്ടത് അലൗകികമായ ആനന്ദമാണെന്നും എന്നാൽ പുതിയ കാലത്തെ പല കവിതകളിലും ദുർഗ്രഹതയാണ് കൂടുതലായി നിഴലിക്കുന്നതെന്നും പ്രമുഖ കവി രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു. ‘തൃശൂർ എഴുത്തുകൂട്ടം’ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ‘ദയ’ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച “കവിതയുടെ വർത്തമാനം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
“കവിത എന്താണെന്ന് ചോദിച്ചാൽ കൃത്യമായി നിർവചിക്കാൻ അറിയില്ല, എന്നാൽ ചോദിച്ചില്ലെങ്കിൽ അത് നമുക്കറിയാം. കരിമ്പിന്റെ മാധുര്യം നുകരുന്നതുപോലെയാണത് അനുഭവിക്കേണ്ടത്. കവി എന്ന യശസ്സ് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രധാനം കവിശിക്ഷയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ എഴുത്തുകൂട്ടം പ്രസിഡന്റ് ശശി കളരിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുരേഷ് പർളിക്കാട് ആമുഖപ്രസംഗം നടത്തി. മുഖ്യഅതിഥിയായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ശശി കളരിയേൽ പൊന്നാട അണിയിച്ച് ആദരിച്ചു. കവി കെ. ദിനേശ് രാജാ, ഗീത കൈപ്പറമ്പ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
സാംസ്കാരിക സമ്മേളനത്തിന് ശേഷം വേദിയിൽ നടന്ന ‘ഗ്രാമ്യകവിതകളുടെ’ അവതരണം ശ്രദ്ധേയമായി. കവികളായ കെ. ദിനേശ് രാജാ, മിനിമോഹൻ, നോമി കൃഷ്ണ, ഹവ്വ ടീച്ചർ, വിനോദ് വളപ്പിൽ, ഗീത മേലേഴത്ത്, അജിതകുമാരി, പി.ബി. രമാദേവി തുടങ്ങിയവർ തങ്ങളുടെ കവിതകൾ വേദിയിൽ അവതരിപ്പിച്ചു. സാംസ്കാരിക കൂട്ടായ്മയിൽ റജീന റഹ്‌മാൻ, സനു അശോക്, പ്രസാദ് പ്രഭാകർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

