തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ പ്രധാന സാംസ്കാരിക പരിപാടികൾക്ക് തേക്കിൻകാട് മൈതാനമടക്കമുള്ള വേദികൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വിലങ്ങൻ കുന്നിനെ ജനങ്ങൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന സാംസ്കാരിക പൊതു ഇടമാക്കി മാറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ ജയരാജ് വാര്യർ ആവശ്യപ്പെട്ടു. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓർമ്മ മരത്തണലിൽ ഇത്തിരി നേരം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലങ്ങൻ കുന്നിൽ നിർമ്മിച്ച ഓപ്പൺ എയർ തിയേറ്ററും ചിൽഡ്രൻസ് പാർക്കും റോഡുമെല്ലാം ഇന്ന് കടുത്ത ശോചനീയാവസ്ഥയിലാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ചൂണ്ടിക്കാട്ടി. താൻ ജനപ്രതിനിധിയായിരുന്ന കാലത്താണ് ഇവയൊക്കെ നിർമ്മിച്ചതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അഴീക്കോട് മാഷ് നട്ട അശോക മരച്ചുവട്ടിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചാണ് പരിപാടികൾക്ക് തുടക്കമായത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സുനിൽ ശ്രീധരന്റെയും പ്രൊഫ. എം.കെ. സാനു മാസ്റ്ററുടെയും ഓർമ്മയ്ക്കായി ചടങ്ങിൽ വൃക്ഷത്തൈകൾ നട്ടു.
വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പ്രസിഡന്റ് വത്സ ഡേവിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശശി കളരിയേൽ ആമുഖഭാഷണം നടത്തി. സാഹിതി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, എഴുത്തുകാരൻ ഷാജു പുതൂർ, തോമസ് പാവറട്ടി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി ദേവസ്സി, മുരളി അടാട്ട്, പഞ്ചായത്ത് അംഗങ്ങളായ സിമി അജിത്ത്, ജോഫി സുനിൽ, പോൾസൻ എന്നിവർ സംസാരിച്ചു.
