Home Localസ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും

സ്വാതന്ത്ര്യ ദിനാഘോഷ ജില്ലാ പരിപാടികൾ തേക്കിൻകാട് മൈതാനത്ത്: മന്ത്രി ഒ. ജെ. ജനീഷ് പതാക ഉയർത്തും

by news_desk
0 comments

ഫോട്ടോ: അനൂപ് കെ വേണു

തൃശൂർ ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ദേശീയപതാക ഉയർത്തും. രാവിലെ 9:02-ന് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ ദേശീയപതാക ഉയർത്തിയശേഷം മന്ത്രി പരേഡ് നിരീക്ഷിക്കും. തുടർന്ന്, മാർച്ച് പാസ്റ്റും മന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവും ഉണ്ടായിരിക്കും.

ദേശഭക്തിഗാനം, മികച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫി വിതരണം, സായുധസേന പതാകനിധി റോളിംഗ് ട്രോഫി വിതരണം എന്നിവയ്ക്ക് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകൾ അവസാനിക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി), എൻ.സി.സി തുടങ്ങിയവയുടെ വിവിധ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.

തൃശ്ശൂർ സിറ്റി വിയ്യൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എം. മഹേഷ് കുമാർ പരേഡ് കമാൻഡറാകും. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി (സിറ്റി) നകുൽ ദേശ്മുഖ്, ജില്ലാ പൊലീസ് മേധാവി (റൂറൽ) മുഹമ്മദ് നദീമുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക.

You may also like