തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. സംസ്ഥാന ആസൂത്രണ ബോർഡിലെ അഡീഷണൽ സെക്രട്ടറിക്ക് തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് അട്ടിമറി നടന്നതെന്ന സംശയം ഉദ്യോഗാർഥികൾ ഉയർത്തുന്നത്.
പരീക്ഷയെഴുതിയ പലരുടെയും ഉത്തരക്കടലാസിൽ 10 ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് പകർപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്തിയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്നും മറ്റ് ഉദ്യോഗാർഥികൾ ആരോപിച്ചു.
ഒരു ഒഴിവ് മാത്രമുള്ള തസ്തികയിലേക്ക് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ നിയമന ശുപാർശ നൽകിയതും വിവാദമായിട്ടുണ്ട്. റാങ്ക് പട്ടികയിൽ ഉദ്യോഗാർഥികളുടെ മാർക്ക് പ്രസിദ്ധീകരിച്ചില്ലെന്നും എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് മറച്ചുവെച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
100 മാർക്കിന്റെ രണ്ട് പേപ്പറുകളായിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. രണ്ടാം പേപ്പറിലെ 28 ചോദ്യങ്ങളിൽ 9 മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഒരു ഉദ്യോഗാർഥി ആരോപിക്കുന്നു. ഇതോടെ 100ൽ 58 മാർക്കിന്റെ ഉത്തരങ്ങൾ പരിശോധിക്കപ്പെട്ടിട്ടില്ലെന്നാണ് പരാതി.
ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടും ഒരു വർഷത്തോളം വൈകിപ്പിച്ചെന്നും വിവരാവകാശ നിയമപ്രകാരം പോലും പകർപ്പ് നൽകിയില്ലെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. തുടർന്ന് ആസൂത്രണ ബോർഡിലെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. പരാതിയിൽ മൂന്ന് ആഴ്ചയ്ക്കകം മറുപടി നൽകാൻ ട്രൈബ്യൂണൽ പിഎസ്‌സിക്ക് നിർദേശം നൽകിയിട്ടുണ്ട്.

